കോട്ടയം : യുഡിഎഫ് സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിൽ 26ആം തീയതി വൈകിട്ട് നാലിന് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. വിലക്കയറ്റം, കിഫ്ബിയെ തകർക്കൽ, ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥത, കടലും തീരവും കോർപറേറ്റുകൾക്ക്, നെൽവയൽ തണ്ണീർത്തട നിയമം അട്ടിമറിക്കൽ, പ്രതിപക്ഷ നേതാവിനെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കം തുടങ്ങിയ വിഷയങ്ങളുയർത്തിയാണ് ജനകീയ കൂട്ടായ്മ നടത്തുക.
പാലായിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി, കോട്ടയം തിരുനക്കര പഴയ ബസ്സ്റ്റാൻഡ് മൈതാനത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വിഎൻ വാസവൻ എന്നിവർ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ സ്വകാര്യ ബസ്സ്റ്റൻഡിൽ സിപിഐ എം ജില്ലാ സെക്രട്ടറി ടിആർ രഘുനാഥൻ, കടുത്തുരുത്തി കുറവിലങ്ങാട് എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പോസ് മാത്യു, പൂഞ്ഞാർ മുണ്ടക്കയത്ത് സിപിഐ ജില്ലാ സെക്രട്ടറി വികെ സുരേഷ്കുമാർ, പൊൻകുന്നത്ത് കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ പ്രൊഫ. എൻ ജയരാജ്, പുതുപ്പള്ളി പാന്പാടിയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ, ചങ്ങനാശേരിയിൽ കേരള കോൺഗ്രസ് ഉന്നതാധികാരി സമിതിയംഗം ജോബ് മൈക്കിൾ, വൈക്കത്ത് സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ സുശീലൻ എന്നിവർ ഉദ്ഘാടനം ചെയ്യും. ജനകീയ കൂട്ടായ്മ വിജയിപ്പിക്കാൻ ജില്ലാ കൺവീനർ പ്രൊഫ. ലോപ്പോസ് മാത്യു അഭ്യർഥിച്ചു.






