കാളകെട്ടി(കോട്ടയം): പരമ്പരാഗത കാനനപാത ഭക്തർക്കായി ഇരുപത്തിനാല് മണിക്കൂറും തുറന്നുനല്‍കണമെന്ന് മല അരയ മഹാസഭ ആവശ്യപ്പെട്ടു.
ഭക്തരെ വടം കെട്ടി തടയുന്നതും തിരിച്ചുവിടുന്നതും അംഗികരിക്കാനാകില്ലന്നും കാളകെട്ടിയില്‍ നടന്ന കാനന പാത പൂജയ്ക്കുശേഷം നടന്ന മല അരയ മഹാസഭ സമ്മേളനം ആവശ്യപ്പെട്ടു.
മല അരയ മഹാസഭയുടെയും സഭയുടെ ആത്മീയ പ്രസ്ഥാനമായ ശ്രീ അയ്യപ്പ ധർമ്മസംഘത്തിന്റെയും സംയുക്ത നേതൃത്വത്തിലാണ് ഈ പൂജ സംഘടിപ്പിച്ചത്. രാവിലെ കാളകെട്ടി കോട്ട ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര, കാളകെട്ടി സിറ്റി വഴി അഴുതക്കടവില്‍ എത്തി.
ഘോഷയാത്രയോടനുബന്ധിച്ച് പരമ്പരാഗത അനുഷ്ഠാന കലാരൂപമായ ഐവർകളി അവതരിപ്പിച്ചു. അഴുത കടവില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ സമുദായാചാരപ്രകാരമുള്ള പൂജകള്‍ക്ക് രാജൻ മേനോത്ത് മുഖ്യ കാർമികത്വം വഹിച്ചു.
പൂജകള്‍ക്ക് ശേഷം ഉച്ചയോടെ ശബരി പില്‍ഗ്രിം സെന്ററില്‍ നടന്ന സാംസ്കാരിക സമ്മേളനം മല അരയ മഹാസഭ ജനറല്‍ സെക്രട്ടറി പി. കെ. സജീവ് ഉദ്ഘാടനം ചെയ്തു. 'കാളകെട്ടിയുടെ ആത്മീയതയും വികസനവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചർച്ചയില്‍ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് എം. കെ. സജി, വൈസ് പ്രസിഡന്റ് ഷൈലജ നാരായണൻ, സെക്രട്ടറി സനല്‍ കാവനാല്‍ പഞ്ചായത്തംഗങ്ങളായ പി.എസ്.സുരണ്യ കെ.കെ രാജൻ,എസ്എൻഡിപി യോഗം മൂക്കൻപെട്ടി ശാഖാ വൈസ് പ്രസിഡന്റ് റജിമോൻ പൊടിപ്പാറ, വന സംരക്ഷണ സമിതി ചെയർമാൻ എം എസ് സതീഷ് വനിതാ നേതാക്കളായ അജിതാ ഉദയകുമാർ, വി.പി. രാജപ്പൻ,സി. എൻ മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.






