കൊച്ചി: മട്ടാഞ്ചേരി സിനഗോഗിന് മുന്നിലെ തീവെപ്പ് കേസില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കി പൊലീസ്.
കേസിലെ പ്രതിയായ കോലഞ്ചേരി സ്വദേശി എബിന് പോളിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.
മൂവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ ഷോറൂം തീവെച്ചു നശിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് ക്രിപ്റ്റോകറന്‍സി വഴി പണം ലഭിച്ചതായാണ് പൊലീസിന്റെ കണ്ടെത്തല്‍.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിക്കെതിരെ യുഎപിഎ (UAPA) ചുമത്താനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.
എറണാകുളം ബ്രോഡ്വേയിലെ സിനഗോഗിന് തീയിടുന്നതിനായി പ്രതി ആദ്യം പരിശീലനം നടത്തിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഇതിനായി മൂവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ ഷോറൂമിന് തീയിട്ടതിന് അഡ്വാന്‍സായി ഏകദേശം 5000 രൂപയോളം വരുന്ന തുക ക്രിപ്റ്റോകറന്‍സിയായി ഇയാള്‍ക്ക് ലഭിച്ചു.
സിനഗോഗ് ആക്രമണത്തിനും എബിന് പണം ലഭിച്ചതായി നേരത്തെ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.






