ചെന്നൈ: തിയേറ്ററുകളില് വൻ ബോക്സ് ഓഫീസ് തരംഗം സൃഷ്ടിച്ച് മുന്നേറുന്ന സൂപ്പർസ്റ്റാർ രജനികാന്തിന്റെ 'ജയിലർ 2'വില് നിർണ്ണായക വേഷത്തിലെത്തിയതിന്റെ അനുഭവം പങ്കുവെച്ച് പ്രിയതാരം കോട്ടയം നസീർ.
നെല്സണ് ദിലീപ്കുമാറിന്റെ സംവിധാനത്തില് ടൈഗർ മുത്തുവേല് പാണ്ഡ്യനായി രജനികാന്ത് വീണ്ടും വിസ്മയം തീർത്ത ചിത്രത്തില് ‘അമീർ’ എന്ന ശ്രദ്ധേയമായ കഥാപാത്രമായാണ് കോട്ടയം നസീർ എത്തുന്നത്. ഒരു മാധ്യമത്തിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ചിത്രീകരണ വിശേഷങ്ങളും രജനികാന്തിനൊപ്പമുള്ള അനുഭവങ്ങളും അദ്ദേഹം തുറന്നുപറഞ്ഞത്.
വലിയ ബജറ്റിലും വൻ താരനിരയിലുമൊരുങ്ങിയ ചിത്രത്തില് മോഹൻലാല്, സുരാജ് വെഞ്ഞാറമൂട്, ഹക്കിം ഷാ, സുനില് സുഖദ, സുജിത് ശങ്കർ, അന്ന രാജൻ തുടങ്ങിയ മലയാളി താരങ്ങളും അണിനിരക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് കോട്ടയം നസീറും അവതരിപ്പിച്ചിരിക്കുന്നത്. മിമിക്രിയിലൂടെയും ഹാസ്യവേഷങ്ങളിലൂടെയും കരിയർ ആരംഭിച്ച് പിന്നീട് സീരിയസ് കഥാപാത്രങ്ങളിലേക്ക് ചുവടുമാറിയ കോട്ടയം നസീറിന്റെ ‘ജയിലർ 2’വിലെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
എന്നാല്, ഇത്രയും വലിയൊരു ചിത്രത്തില് അഭിനയിച്ച വിവരം റിലീസ് വരെ ആരോടും വെളിപ്പെടുത്തിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു: “സത്യം പറഞ്ഞാല് ഈ പടത്തിലേക്ക് എന്നെ വിളിച്ചപ്പോഴോ എന്റെ പോർഷനുകളുടെ ഷൂട്ട് പൂർത്തിയായപ്പോഴോ ഞാൻ ആരോടും ഒന്നും പറയാൻ പോയില്ല. കാരണം ഇത്രയും വലിയ താരനിരയുള്ള ഒരു പടമാണിത്. നമ്മുടെ ചെറിയ റോള് ലാസ്റ്റ് മിനിറ്റിലെ എഡിറ്റിംഗില് എങ്ങാനും കട്ട് ചെയ്തുപോയാല് എന്താകും അവസ്ഥ? നമ്മള് വലുതായി എന്തെങ്കിലും പറഞ്ഞുവെച്ചിട്ട് സ്ക്രീനില് അതിനനുസരിച്ച് റോള് ഇല്ലെങ്കില് അതൊരു നാണക്കേടാകുമല്ലോ എന്ന് കരുതിയാണ് ആരോടും മിണ്ടാതിരുന്നത്.”
പടം റിലീസായ ശേഷവും വീട്ടുകാർക്ക് പോലും റോളിനെക്കുറിച്ച് വലിയ ധാരണയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു: “പടം ഇറങ്ങിക്കഴിഞ്ഞപ്പോള് വലിയ അഭിനന്ദനങ്ങളാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. പക്ഷേ എന്റെ വീട്ടുകാർക്ക് പോലും റോളെന്താണെന്ന് അറിയില്ലായിരുന്നു. മക്കള് രണ്ടുപേർക്കും സിനിമകളെക്കുറിച്ച് സ്പോയ്ലർ അറിയുന്നത് തീരെ ഇഷ്ടമല്ല. ടിവിയിലോ യൂട്യൂബിലോ റിവ്യൂ വന്നാല് പോലും അതവർ മാറ്റിവെക്കും. അതാണ് അവരുടെ രീതി.”
രജനികാന്തിനൊപ്പം അഭിനയിക്കാൻ സാധിച്ചതിനെക്കുറിച്ചും താരം വാചാലനായി: “രജനികാന്തിനെപ്പോലൊരു ഇതിഹാസത്തിനൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയൊരു നേട്ടമാണ്. പലപ്പോഴും അതൊരു സ്വപ്നമാണോ എന്ന് തോന്നിപ്പോയി. സെറ്റില് എല്ലാവരോടും വളരെ സ്നേഹത്തോടെയും ആദരവോടെയുമാണ് അദ്ദേഹം പെരുമാറിയിരുന്നത്. ഇത്രയധികം എളിമയുള്ള ഒരു സൂപ്പർസ്റ്റാറിനെ ഞാൻ എന്റെ ജീവിതത്തില് ഇതുവരെ കണ്ടിട്ടില്ല,” കോട്ടയം നസീർ പറഞ്ഞു.






