കൊല്ലം : കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവാഹത്തിന് യുവതിക്കായി വീട്ടില്‍ നിന്ന് നൽകിയ 25 പവന് സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും പ്രതി നന്ദു ദിനേശ് കൈക്കലാക്കി. യുവതിയെ നാട്ടില്‍ എത്തിക്കുന്നതിന് മുമ്പ് ബാക്കിയുണ്ടായിരുന്ന പണം കൂടി നന്ദു സ്വന്തം അക്കൗണ്ടില്‍ ആക്കി എന്നാണ് വിവരം.
20 പവനിലധികം ആഭരണങ്ങള്‍ പ്രതിയുടെ വീട്ടിലാണ്. പൊലീസ് കേസെടുത്തതോടെ പ്രതിയുടെ വീട് പൂട്ടി മാതാപിതാക്കളും മുങ്ങി എന്നാണ് വിവരം. അതേസമയം പെണ്‍കുട്ടിയുടെ പരാതിയില്‍ ചവറ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് ഇറക്കും. പ്രതി ഇന്നലെ സൗദിയില്‍ നിന്ന് നാട്ടില്‍ വരുമെന്നായിരുന്നു വിവരം ലഭിച്ചിരുന്നത്. എന്നാല്‍ പ്രതി നന്ദു എത്താത്തതിനെത്തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. രണ്ടും മൂന്നും പ്രതികളായ നന്ദുവിന്റെ പിതാവ് ദിനേശ്, മാതാവ് ജഗതമ്മ എന്നിവരെ കസ്റ്റഡിയില്‍ എടുക്കാനും നീക്കമുണ്ട്.
പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതിനായി നന്ദുവിന്റെ വീട്ടിൽ ഇന്ന് രാവിലെയും പൊലീസ് എത്തിയിരുന്നു. എന്നാല്‍ വീട് പൂട്ടിയ നിലയില്‍ ആയതിനാല്‍ തിരികെ പോവുകയായിരുന്നു. ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമര്‍ദ്ദനമാണ് പുത്തന്‍തുറ സ്വദേശിനി അഞ്ചുവിന് ഭര്‍ത്താവില്‍ നിന്ന് നേരിടേണ്ടി വന്നിരുന്നത്. യുവതിയുടെ ശരീരമാസകലം മുറിവേറ്റ പാടുകളുണ്ട്. നവവധുവിനെ ഭര്‍ത്താവ് ക്രൂരമായാണ് മര്‍ദ്ദിച്ചത്. പ്രഷര്‍ കുക്കര്‍, ലാപ്ടോപ്പ്, മൊബൈല്‍ ചാര്‍ജര്‍, ബെല്‍റ്റ് എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. വിദേശത്ത് വെച്ചാണ് ക്രൂര മര്‍ദ്ദനമേറ്റത്. യുവതി നിലവിൽ കൊല്ലത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.






