തിരുവനന്തപുരം: ശ്രീകാര്യത്ത് പ്ലസ്വണ് വിദ്യാർഥി അഭിരാം കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.
പ്രണയപ്പക മൂലമുള്ള കൊലപാതകമെന്ന ആദ്യ നിഗമനങ്ങളെ തിരുത്തിക്കുറിച്ച്, സംഭവത്തിന് പിന്നില്‍ ആസൂത്രിത കുറ്റകൃത്യങ്ങളുടെ സൂത്രധാരൻ ഉമറാണെന്ന് പോലീസ് സ്ഥിരീകരിച്ചു. നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന്-മോഷണ സംഘങ്ങളുടെ പ്രധാന കണ്ണിയാണ് ഇയാളെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി മോഷണം ആസൂത്രണം ചെയ്യുന്നതില്‍ ഉമർ പ്രത്യേക വൈദഗ്ധ്യം പുലർത്തിയിരുന്നതായി പോലീസ് അറിയിച്ചു. കെട്ടിടങ്ങളുടെ ക്യാമറകള്‍, വാതിലുകള്‍, ജനലുകള്‍ എന്നിവ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. മോഷ്ടിക്കുന്ന സ്വർണത്തിന്റെ ഒരു ഭാഗം മാത്രം തമിഴ്നാട്ടിലെ മാർത്താണ്ഡം, നാഗർകോവില്‍ എന്നിവിടങ്ങളില്‍ വില്‍ക്കുകയും ബാക്കി ഒളിപ്പിക്കുകയുമാണ് ഇയാളുടെ രീതി.
പിടിയിലായാല്‍ ചെറിയൊരു ഭാഗം മാത്രം മോഷ്ടിച്ചതായി കുറ്റസമ്മതം നടത്തി അന്വേഷണം വഴിതിരിച്ചുവിടാനും ഇയാള്‍ ശ്രമിച്ചിരുന്നു. കേസില്‍ തെളിവായി വിറ്റ കുറഞ്ഞ അളവ് സ്വർണം മാത്രം പോലീസ് വീണ്ടെടുക്കുമ്പോള്‍, ജാമ്യത്തിലിറങ്ങിയ ശേഷം ബാക്കി സ്വർണം പണമാക്കുകയായിരുന്നു പ്രതിയുടെ ശൈലി. അഭിരാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാളുടെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലം പുറത്തുവന്നത്. സംഭവത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്






