തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷൻ വിഭജിക്കാനുള്ള റെയില്‍വേ ബോർഡിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം.
പാലക്കാട് ഡിവിഷന്റെ പരിധിയിലുള്ള മംഗളൂരു പ്രദേശം ഉള്ളാള്‍ ഉള്‍പ്പെടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ചു കൊടിക്കുന്നില്‍ സുരേഷ് എംപി രംഗത്തെത്തി.
റെയില്‍വേ ബോർഡിന്റെ തീരുമാനം കേരളത്തിന്റെ റെയില്‍വേ താല്പര്യങ്ങളെയും യാത്രക്കാരുടെ അവകാശങ്ങളെയും ഗുരുതരമായി ബാധിക്കുന്നതാണെന്നും ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും റെയില്‍വേ ബോർഡ് ചെയർമാനും എംപി കത്ത് നല്കി.
ഓഗസ്റ്റ് 21ന് റെയില്‍വേ ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, നിലവില്‍ ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന്റെ പരിധിയിലുള്ള മംഗളൂരു പ്രദേശം ഉളളാള്‍ ഉള്‍പ്പെടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനാണ് തീരുമാനം. ഇതോടെ പാലക്കാട് ഡിവിഷന്റെ അധികാരപരിധി വെട്ടിക്കുറയ്ക്കപ്പെടും. ഒക്ടോബർ ഒന്നുമുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരും.
റെയില്‍വേ ബോർഡിന്റെ തീരുമാനം പാലക്കാട് ഡിവിഷനെ ദുർബലപ്പെടുത്താനുള്ള നീക്കമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.
കേരളത്തിന്റെ റെയില്‍വേ സംവിധാനത്തെ ശക്തിപ്പെടുത്തുകയും കൂടുതല്‍ നിക്ഷേപങ്ങളും പദ്ധതികളും സൗകര്യങ്ങളും നേടിയെടുക്കുകയും ചെയ്യേണ്ട ഘട്ടത്തിലാണ് നിലവിലുള്ള റെയില്‍വേ സംവിധാനത്തിന്റെ തന്നെ പരിധി വെട്ടിക്കുറയ്ക്കാനുള്ള ശ്രമം നടക്കുന്നതെന്ന് എംപി പറഞ്ഞു.
പാലക്കാട് ഡിവിഷൻ കേരളത്തിന്റെ റെയില്‍വേ സംവിധാനത്തിന്റെ നിർണായക ഘടകമാണ്. അതിന്റെ അധികാരപരിധി വെട്ടിക്കുറയ്ക്കുന്ന ഓരോ നടപടിയും ഭാവിയില്‍ ഡിവിഷന്റെ ഭരണപരവും സാമ്പത്തികവുമായ ശക്തിയെ ബാധിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഈ തീരുമാനത്തെ ഒരു ചെറിയ ഭരണപരമായ മാറ്റമായി ലഘൂകരിച്ച് കാണാൻ കഴിയില്ല. കേരളത്തിന്റെ റെയില്‍വേ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
കേരളത്തിലെ ബിജെപി നേതൃത്വം വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും എംപി ആവശ്യപ്പെട്ടു. കേരളത്തിന് അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമ്പോള്‍ അതിന്റെ മുഴുവൻ രാഷ്ട്രീയ നേട്ടവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനും അവകാശപ്പെടുകയും കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകുമ്പോള്‍ അതില്‍ ഉത്തരവാദിത്തമില്ലാത്തവരെപ്പോലെ മാറിനില്‍ക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. കേരളത്തിലെ ബിജെപി നേതാക്കള്‍ കേന്ദ്രസർക്കാരിന്റെ ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണം. പിന്തുണയ്ക്കുന്നില്ലെങ്കില്‍ തീരുമാനം പിൻവലിപ്പിക്കാൻ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തില്‍ സമ്മർദ്ദം ചെലുത്താൻ അവർ തയ്യാറാകണം. കേരളത്തിന്റെ താല്പര്യങ്ങളെക്കാള് രാഷ്ട്രീയ സൗകര്യത്തിന് മുൻതൂക്കം നല്കുന്ന സമീപനം ഇനി കേരളം അംഗീകരിക്കില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള എംപിമാരുടെ ഇടപെടലുകളെ ചെറുതാക്കി കാണിക്കുകയും റെയില്‍വേ വികസനങ്ങളുടെ രാഷ്ട്രീയ ക്രെഡിറ്റ് സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ, കേരളത്തിന്റെ താല്പര്യങ്ങള്ക്ക് തിരിച്ചടിയാകുന്ന തീരുമാനങ്ങള്‍ വരുമ്പോള്‍ മൗനം പാലിക്കുന്നതിലൂടെ സ്വന്തം ഇരട്ടത്താപ്പാണ് തെളിയിക്കുന്നത്. കേരളത്തിന്റെ റെയില്‍വേ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിഷയത്തില്‍ ആരാണ് കേരളത്തോടൊപ്പം നില്‍ക്കുന്നത് എന്നും ആരാണ് കേന്ദ്രസർക്കാരിന്റെ മുന്നില്‍ മൗനം പാലിക്കുന്നതെന്നും ജനങ്ങള്‍ തിരിച്ചറിയുമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.






