തിരുവനന്തപുരം: വായ്പ നിഷേധിച്ചതിനെ തുടർന്ന് മെഡിക്കല്‍ സ്റ്റോർ ഉടമ ബാങ്കിനു മുന്നില്‍ ജീവനൊടുക്കി.
ആര്യനാട്, മഠത്തുനട ശ്രീനിലയത്തില്‍ വി.എസ്. മനുവാണ് (57) പേരൂർക്കട- കുടപ്പനക്കുന്ന് റോഡിലെ യൂക്കോ ബാങ്ക് കുടപ്പനക്കുന്ന് ബ്രാഞ്ച് ഓഫീസിനു മുന്നില്‍ തൂങ്ങി മരിച്ചത്. വട്ടപ്പാറ വിശ്വാസ് കമ്മ്യൂണിറ്റി മെഡിക്കല്‍ ഷോപ്പ് ഉടമയും എസ്.എൻ.ഡി.പി യോഗം ആര്യനാട് ശാഖ മുൻ ഭാരവാഹിയുമാണ് മനു.
കെട്ടിടത്തിലെ സ്റ്റെയർകേസിന്റെ മദ്ധ്യഭാഗത്ത് കൈവരിയിലെ ഗ്രില്ലില്‍ തൂങ്ങിയ നിലയിലായിരുന്നു. ഇന്നലെ പുലർച്ചെ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയാണ് മൃതദേഹം കണ്ടത്.
കേന്ദ്ര സർക്കാരിന്റെ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീം പ്രകാരം വായ്പയ്ക്കായി മനു അപേക്ഷിച്ചിരുന്നു. എന്നാല്‍, മറ്റൊരു ബാങ്കില്‍ നിന്ന് എടുത്തിട്ടുള്ള 40,000 രൂപയുടെ കാർഷിക വായ്പ അടയ്ക്കാൻ ബാക്കിയുണ്ടെന്ന് പറഞ്ഞ് ബാങ്ക് മാനേജർ അപേക്ഷ നിരസിച്ചു. വായ്പയ്ക്ക് അപേക്ഷ നല്കി 60 ദിവസം കഴിഞ്ഞായിരുന്നു ഇത്. ഇതിനെതിരെ ബാങ്ക് സോണല്‍ മാനേജർക്ക് ഇക്കഴിഞ്ഞ 17ന് മനു പരാതി നല്കി.
എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീം പ്രകാരം എം.എസ്.എം.ഇ സംരംഭങ്ങള്‍ക്ക് വായ്പ നിഷേധിക്കുന്നത് റിസർവ് ബാങ്ക് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ വായ്പ അനുവദിക്കുകയോ നിരസിക്കുകയോ ചെയ്തുകൊണ്ടുള്ള കത്ത് രേഖാമൂലം നല്‍കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നല്‍കിയത്. എന്നാല്‍, ഇതിലും തീരുമാനമുണ്ടായില്ല.
വായ്പ നല്‍കാമെന്ന് പറഞ്ഞ് മനുവിനെ പലതവണ നടത്തിച്ചുവെന്നും പിന്നീട് അപേക്ഷ നിരസിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു. മനുവിന് ഒന്നിലധികം മെഡിക്കല്‍ സ്റ്റോറുകളുണ്ടായിരുന്നുവെന്നും കടബാദ്ധ്യത മൂലം ഇവയെല്ലാം വിറ്റെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.






