തിരുവനന്തപുരം: വേണാട് എക്സ്പ്രസിലെ തിരക്കിന് പരിഹാരമായി പുതിയ ട്രെയിനിന് തത്വത്തില്‍ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി.
എറണാകുളം-കോട്ടയം-ചെങ്ങന്നൂർ-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനാണ് റെയില്‍വേ മന്ത്രാലയത്തില്‍നിന്ന് തത്വത്തില്‍ അംഗീകാരം ലഭിച്ചതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പത്തുദിവസത്തിനകം പുതിയ ട്രെയിനിന്റെ ആദ്യ സർവീസ് ആരംഭിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-
''വൈകുന്നേരങ്ങളിലെ വേണാട് എക്സ്പ്രസ്സിലെ രൂക്ഷമായ യാത്രക്കാരുടെ തിരക്കിന് പരിഹാരം കാണുന്നതിനായി എറണാകുളം-കോട്ടയം-ചെങ്ങന്നൂർ-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് തത്വത്തില്‍ അംഗീകാരം ലഭിച്ചു. പുതിയ ട്രെയിനിന്റെ ആദ്യ സർവീസ് പത്തുദിവസത്തിനകം ആരംഭിക്കും.
ഡല്‍ഹിയില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരില്‍ കണ്ട് വേണാട് എക്സ്പ്രസ്സിലെ യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെ കാണിച്ച് വിഷയം വിശദമായി ബോധ്യപ്പെടുത്തിയിരുന്നു. സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാർക്ക് ഇരിക്കാനോ നില്‍ക്കാനോ പോലും മതിയായ ഇടമില്ലാത്ത സാഹചര്യത്തില്‍ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവരുന്ന ഗുരുതരമായ സ്ഥിതിയാണ് നിലവിലുള്ളത്. ഓഫീസ് സമയം കഴിഞ്ഞ് എറണാകുളത്തുനിന്ന് കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം തുടങ്ങിയ മേഖലകളിലേക്ക് മടങ്ങുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാരെയാണ് ഈ ദുരിതം നേരിട്ട് ബാധിക്കുന്നത്.
വേണാട് എക്സ്പ്രസ് എറണാകുളത്തുനിന്ന് പുറപ്പെടുന്നതിന് മുമ്പായി ഒരു പുതിയ ട്രെയിൻ സർവീസ് ആരംഭിക്കണമെന്നായിരുന്നു റെയില്‍വേ മന്ത്രിയോട് ഞാൻ പ്രധാനമായും ആവശ്യപ്പെട്ടത്. ഇതിന്റെ തുടർനടപടിയായി മന്ത്രിയുടെ ഓഫീസില്‍ നിന്ന് റെയില്‍വേ ബോർഡിലേക്ക് നിർദ്ദേശം കൈമാറുകയും, റെയില്‍വേ ബോർഡ് സതേണ്‍ റെയില്‍വേയിലെ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർക്ക് (CPTM) ആവശ്യമായ നടപടികള്‍ക്കായി നിർദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
വൈകിട്ട് ഏകദേശം 4 മണിയോടെ എറണാകുളം ജംഗ്ഷനില്‍ നിന്ന് വേണാട് എക്സ്പ്രസ്സിന് മുമ്പായി പുറപ്പെടുന്ന തരത്തില്‍ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിനായി MEMU അല്ലെങ്കില്‍ ICF കോച്ചുകള്‍ ഉപയോഗിക്കുന്നതിനുള്ള സാധ്യത റെയില്‍വേ പരിശോധിച്ചുവരികയാണ്. എറണാകുളത്തുനിന്ന് കോട്ടയം, ചെങ്ങന്നൂർ വഴി കൊല്ലം വരെയുള്ള സർവീസായി ആരംഭിച്ച്, തുടർന്ന് കൊല്ലത്തുനിന്ന് പുനലൂരിലേക്ക് സർവീസ് നീട്ടുന്നതിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
ഈ പുതിയ സർവീസ് യാഥാർഥ്യമാകുന്നതോടെ എറണാകുളം മുതല്‍ കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, പുനലൂർ മേഖലകളിലേക്ക് ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാർക്ക് വലിയ ആശ്വാസമാകും. വേണാട് എക്സ്പ്രസ്സിലെ അമിത തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനും ഈ സർവീസ് നിർണായകമാകും.
യാത്രക്കാരുടെ ദീർഘകാല ആവശ്യമായ അധിക ട്രെയിൻ സർവീസിനായി നടത്തിയ ഇടപെടല്‍ ഇപ്പോള്‍ പ്രായോഗിക നടപടിയിലേക്ക് കടന്നിരിക്കുകയാണ്. റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച തത്വത്തിലുള്ള അംഗീകാരം സമയബന്ധിതമായി സർവീസായി മാറുന്നതുവരെ റെയില്‍വേ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ട് തുടർ ഇടപെടലുകള്‍ നടത്തും. വേണാട് എക്സ്പ്രസ്സിലെ യാത്രാദുരിതത്തിന് ആശ്വാസം ലഭിക്കുന്നതുവരെ ഇടപെടല്‍ തുടരും. യാത്രക്കാരുടെ അവകാശങ്ങള്‍ക്കായി എന്നും കൂടെയുണ്ടാകും.''






