രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ 2' ന്റെ ട്രെയ്ലർ പുറത്ത്. പ്രേക്ഷകരെ ആദ്യാവസാനം ത്രസിപ്പിക്കുന്ന ട്രെയ്ലർ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ആദ്യ ഭാഗത്തേക്കാൾ മാസ് ആയി, മെഗാ കാൻവാസിൽ ആണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്.
ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന മലയാള സൂപ്പർതാരം മോഹൻലാൽ രണ്ടാം ഭാഗത്തിലും അതിഥി താരമായി എത്തുന്നതും മലയാളി പ്രേക്ഷകർക്ക് വലിയ ആവേശമാണ് സമ്മാനിക്കുന്നത്. ട്രെയിലറിലും മാസ് ആയാണ് മോഹൻലാലിനെ അവതരിപ്പിച്ചിരിക്കുന്നത്. വമ്പൻ ആക്ഷൻ, ചടുലമായ ഗാനങ്ങൾ, വൈകാരിക രംഗങ്ങൾ, പഞ്ച് ഡയലോഗുകൾ, സ്റ്റൈലിഷ് ആയ അവതരണം, നെൽസൺ ദിലീപ്കുമാർ ട്രേഡ് മാർക്ക് ആയ ബ്ലാക്ക് ഹ്യൂമർ എന്നിവയെല്ലാം കോർത്തിണക്കിയാണ് രണ്ടാം ഭാഗവും കഥ പറയുന്നത് എന്നതും ട്രെയ്ലർ കാണിച്ചു തരുന്നുണ്ട്.
ഒക്ടോബർ 15നാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നത്. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായുള്ള രജനീകാന്തിന്റെ രണ്ടാം വരവാണ്.
റെക്കോർഡ് തുകയ്ക്ക് ആണ് ശ്രീ ഗോകുലം മൂവീസ് ഈ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ കേരളത്തിൽ ഓൾ ടൈം റെക്കോർഡ് റിലീസ് ആണ് ചിത്രത്തിന് ലഭിക്കുക. സുരാജ് വെഞ്ഞാറമൂട്, എസ് ജെ സൂര്യ, വിദ്യ ബാലൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട് ഇവരുടെ ക്യാരക്ടർ വീഡിയോ നേരത്തെ തന്നെ പുറത്ത് വരികയും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.






