ആലപ്പുഴ : തമിഴ്നാട് കോർപറേഷന്റെ ബസിടിച്ച് പരുക്കേറ്റ് അരക്ക് താഴേക്ക് തളർന്ന വിദ്യാർഥിനിക്ക് 2.60 കോടി രൂപ നഷ്ടപരിഹാരം നല്കാൻ വിധി.
മണ്ണഞ്ചേരി സ്വദേശിയായ ഗൗരിനന്ദ (24) അപകടത്തില്‍പ്പെട്ട കേസിലാണ് ആലപ്പുഴ എം എ സി ട്രൈബ്യൂണലിന്റെ വിധി. തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ്സ് ട്രാൻസ്പോർട്ട് കോർപറേഷനാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.2023 നവംബർ 11നായിരുന്നു കേസിനാസ്പദമായ സംഭവം.
വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ എം എസ്സി ഫിസിക്സ് വിദ്യാർഥിനിയായിരുന്ന ഗൗരിനന്ദ പഠനവുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. തമിഴ്നാട് വാണിയമ്പാടി ചെട്ടിയപ്പനൂർ മേല്‍പ്പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ഗൗരിനന്ദ യാത്ര ചെയ്തിരുന്ന ബസിലേക്ക്, തമിഴ്നാട് കോർപറേഷന്റെ ബസ് നിയന്ത്രണംവിട്ട് ഡിവൈഡർ മറികടന്ന് ഇടിക്കുകയായിരുന്നു. അപകടത്തില്‍ നാല് പേർ മരിക്കുകയും 16 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗുരുതര പരുക്കേറ്റ ഗൗരിനന്ദയെ വെല്ലൂർ മെഡിക്കല്‍ കോളജിലടക്കം ചികിത്സിച്ചെങ്കിലും അരക്ക് താഴേക്ക് തളർന്ന് ചലനശേഷി നഷ്ടപ്പെടുകയായിരുന്നു.






