കുമ്മനം: കുമ്മനം പ്രദേശത്ത് തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് അംബൂരം മുസ്ലിം ലീഗ് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിനും ജീവനക്കാർക്കുമെതിരെ രാത്രി വൈകിയും പ്രതിഷേധം നടത്തി.
ലോഡ്ഷെഡിംഗിന് പുറമേ പലതവണ വൈദ്യുതി മുടങ്ങിയതോടെയാണ് ശാഖാ പ്രസിഡന്റ് ലത്തീഫ് മാനത്തുകാടന്റെ നേതൃത്വത്തിൽ രാത്രി പന്ത്രണ്ട് മണിയോടെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ശാഖാ കമ്മിറ്റി സെക്രട്ടറി അനസ് P.K.P, ഷിഹാബ് വടക്കേക്കൂറ്റ്, ഷാജി, സഹീദ് മാനത്തുകാടൻ, ഫൈസൽ, ഫാറൂഖ് തുടങ്ങിയ പ്രവർത്തകരും നാട്ടുകാരുമുൾപ്പടെ നിരവധി പേർ പ്രതിഷേധത്തിന്റെ ഭാഗമായി
മഴ പെയ്തതോടെ ഫീഡറിൽ നിന്നുള്ള ത്രീ-ഫേസ് (3-Phase) ലൈനിലെ ഇൻസുലേറ്ററിൽ വെള്ളം കയറിയതാണ് വൈദ്യുതി മുടങ്ങാൻ കാരണമായതെന്നാണ് കെ.എസ്.ഇ.ബി ജീവനക്കാരുടെ വിശദീകരണം. രാത്രി സമയത്ത് തകരാർ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് ജീവനക്കാർ അറിയിച്ചെങ്കിലും പ്രവർത്തകർ പിന്മാറാൻ തയ്യാറായില്ല.
പ്രശ്നത്തിന് അടിയന്തരമായി ഇന്ന് തന്നെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് KSEB ജീവനക്കാർക്കൊപ്പം രണ്ട് കിലോമീറ്ററോളം സഞ്ചരിച്ച് പ്രവർത്തകർ പ്രതിഷേധം തുടർന്നു. തുടർന്ന് നടത്തിയ പരിശോധനകൾക്കൊടുവിൽ പുലർച്ചെ രണ്ട് മണിയോടെ തകരാർ താൽക്കാലികമായി പരിഹരിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
എന്നാൽ വീണ്ടും മഴ പെയ്താൽ വൈദ്യുതി മുടങ്ങുന്ന സാഹചര്യം നിലനിൽക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന്, വിഷയം കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയറുടെ (AE) ശ്രദ്ധയിൽപ്പെടുത്തുകയും നാളെത്തന്നെ ശാശ്വതമായ പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.






