ഡല്ഹി: രാജ്യത്തെ വോട്ടർപട്ടിക പരിഷ്കരണത്തിന്റെ മറവില് നടന്ന വൻ തിരിമറികള്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം സമർപ്പിച്ച ഹരജിയില് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും സുപ്രീംകോടതി അടിയന്തര നോട്ടീസ് അയച്ചു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ 'ഇന്ത്യ' (INDIA) സഖ്യവും നല്കിയ ഹരജി പരിഗണിച്ചാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ സുപ്രധാന നടപടി. എസ്.ഐ.ആർ (SIR) വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരില് യോഗ്യരായ ലക്ഷക്കണക്കിന് വോട്ടർമാരെ ഏകപക്ഷീയമായി നീക്കം ചെയ്തുവെന്നും ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തന്നെ തകർത്തുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചത്.
കേസില് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പുറമെ, മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരോടും വിഷയത്തില് അടിയന്തരമായി വിശദീകരണം നല്കാൻ സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ഔദ്യോഗികമായി മറുപടി തേടി. ഭരണഘടനാപരമായ ചുമതലകള് നിറവേറ്റുന്നതില് കമ്മീഷൻ വരുത്തിയ വീഴ്ചകളും വോട്ടർപട്ടികയില് നിന്ന് വ്യാപകമായി ആളുകളെ ഒഴിവാക്കിയതിലെ ക്രമക്കേടുകളും ഹരജിയില് കൃത്യമായി അക്കമിട്ട് നിരത്തുന്നുണ്ട്.
അതേസമയം, പ്രതിഷേധങ്ങള് തടയാൻ ഡല്ഹിയിലെ ചരിത്രപരമായ ജന്തർ മന്തർ സമരവേദി അല്ലാതാക്കി മാറ്റിയ കേന്ദ്ര സർക്കാർ നടപടിക്കെതിരായ ഹരജിയും സുപ്രീംകോടതി ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്. ജനാധിപത്യപരമായ പ്രതിഷേധങ്ങള്ക്കുമേല് കടിഞ്ഞാണിടാനുള്ള നീക്കങ്ങള്ക്കെതിരെയും ഉയർന്ന ജനരോഷമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയും ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും ചോദ്യം ചെയ്യപ്പെട്ട ഈ കേസില് സുപ്രീംകോടതിയുടെ ഇടപെടല് മോദി സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും കടുത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.






