കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു.
ട്രാക്ക് നിര്‍മ്മാണം, സിഗ്നലിംഗ്, ടെലികോം, ലിഫ്റ്റുകള്‍, എസ്കലേറ്ററുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിവിധ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. 6.5 കിലോമീറ്ററോളം വയഡക്റ്റ് നിര്‍മ്മാണവും പൂർത്തിയായിട്ടുണ്ട്.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി സ്മാര്‍ട് സിറ്റി വരെ 11.20 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പാത. റോഡ് വികസനത്തിനും കാന, നടപ്പാത നവീകരണത്തിനുമുള്ള ഭൂമി ഏറ്റെടുക്കല്‍ നൂറ് ശതമാനം പൂര്‍ത്തിയായി.
മെട്രോ സ്റ്റേഷന് നിര്‍മ്മാണത്തിനും മറ്റുമുള്ള ഭൂമി ഏറ്റെടുക്കലും അവസാനഘട്ടത്തിലാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പദ്ധതിക്ക് വായ്പ നല്കുന്നഏഷ്യന് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് (എ ഐ ഐ ബി) പൂര്‍ണ്ണതൃപ്തി രേഖപ്പെടുത്തി. എ ഐ ഐ ബിയാണ് പദ്ധതിക്കായി 1016.24 കോടി രൂപ വായ്പ അനുവദിച്ചത്. ഭാവിയില്‍ കൂടുതല്‍ സഹകരണത്തിന് തയ്യാറാണെന്നും ബാങ്ക് അറിയിച്ചു.
പദ്ധതി പുരോഗതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി 3 ദിവസമായി എ ഐ ഐ ബി ഉന്നതല സംഘം കൊച്ചിയില്‍ ഉണ്ടായിരുന്നു. രണ്ടാംഘട്ട നിര്‍മാണ പുരോഗതിയും സാമ്പത്തിക കാര്യങ്ങളും വിലയിരുത്തുന്നതിനായാണ് എ ഐ ഐ ബി സംഘം എത്തിയത്.
പദ്ധതിയുടെ നിലവിലെ പുരോഗതി, വര്‍ക്ക് സൈറ്റുകളിലെ സുരക്ഷ, നിര്‍മാണ കരാറുകള്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി മാനേജ്മെന്റ് പ്ലാന്‍, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍, ഫണ്ട് വിനിയോഗം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം, വായ്പ വിനിയോഗ കാലാവധി തുടങ്ങിയവ അവലോകനം ചെയ്തു.
രണ്ടാംഘട്ട പദ്ധതി പ്രദേശം, കളമശേരിയിലെ മെട്രോ കാസ്റ്റിംഗ് യാര്‍ഡ്, ലേബര്‍ ക്യാമ്പ് എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനവും നടത്തി.






