കൊച്ചി: കഴിഞ്ഞ 5 വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് സ്ഥാനം ഒഴിയുന്ന കെഎംആർഎല്‍ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബഹ്റ.
അഞ്ചുവർഷം മുൻപ് പദവി ഏറ്റെടുക്കുമ്പോള്‍ പ്രതിദിന യാത്രക്കാർ 15,000 മാത്രമായിരുന്നു. നിലവില്‍ അത് 1,25,000 ആയി ഉയർത്താൻ കഴിഞ്ഞത് നേട്ടമാണ്. 'മൈ മെട്രോ' ആശയത്തിലൂടെ കൊച്ചി മെട്രോയെ ജനകീയമാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്.
വാട്സാപ്പ് ടിക്കറ്റിങ്, ONDC സംയോജനം എന്നിവയിലൂടെ ടിക്കറ്റ് എടുക്കുന്നത് കൂടുതല്‍ ലളിതമാക്കി. വിദ്യാർത്ഥികള്‍, സ്ഥിരം യാത്രക്കാർ എന്നിവർക്ക് ഇളവുകള്‍ നടപ്പിലാക്കി. ഇന്ത്യയിലെ ഏറ്റവും മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ പുരസ്കാരം കൊച്ചി മെട്രോയ്ക്ക് ലഭിച്ചു.
വലുപ്പത്തില്‍ ഏറ്റവും നീളം കുറഞ്ഞ മെട്രോ കൊച്ചിയാണെങ്കിലും ഇന്ത്യയിലെ ഏറ്റവും മികച്ച മെട്രോ റെയില്‍ സംവിധാനം നമ്മുടേതാണ്. ലോകം ശ്രദ്ധിക്കുന്നതാണ് കൊച്ചി മെട്രോ.






