കൊച്ചി : കൊച്ചി കോർപ്പറേഷനിലെ ഓവർസിയറും ഏജന്റും വിജിലൻസിന്റെ പിടിയിലായി. കൊമേഴ്സ്യല്‍ ബില്‍ഡിംഗ് നിർമ്മാണവുമായി ബന്ധപ്പെട്ട പരാതി ഒത്തുതീർപ്പാക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. കൊച്ചി കോർപ്പറേഷനിലെ ഓവസിയർ കാലടി കാഞ്ഞൂർ സ്വദേശി പിആർ സീന (45), ഏജന്റ് ആലുവ പള്ളിക്കുന്ന് സ്വദേശി പിഎ ഷാനവാസ് (44) എന്നിവരെയാണ് എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തത്.
ഓവർസിയറുടെ ഒത്താശയോടെ ഏജന്റാണ് വ്യാജ പരാതി നല്‍കിയതെന്നും കണ്ടെത്തി. കലൂർ കതൃക്കടവില്‍ 2009മുതല്‍ പ്രവർത്തിക്കുന്ന കൊമേഴ്സ്യല്‍ ബില്‍ഡിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പണികഴിപ്പിച്ചതെന്നായിരുന്നു പരാതി. 'ലാൻഡ് ആൻഡ് ബില്‍ഡിംഗ് സേഫ്റ്റി കൗണ്‍സില്‍' എന്ന സംഘടനയുടെ പേരിലാണ് ഷാനവാസ് കൊച്ചി കോർപ്പറേഷനില്‍ പരാതി സമർപ്പിച്ചത്.
പരാതിയുടെ അടിസ്ഥാനത്തില്‍ കെട്ടിടയുടമ കോർപ്പറേഷൻ ഓഫീസിലെത്തി രേഖകള്‍ സമർപ്പിച്ചു. കെട്ടിടം പരിശോധനയ്ക്കെത്തിയ സീന പിന്നീട് ഉടമയുടെ ബന്ധുവിനെ വിളിച്ച് ഷാനവാസുമായി പ്രശ്നം സെറ്റില്‍ ചെയ്യാൻ ആവശ്യപ്പെട്ടു. ഉടമയുടെ നിർദ്ദേശ പ്രകാരം കെട്ടിടത്തിന്റെ കെയർ ടേക്കർ കോർപ്പറേഷൻ ഓഫീസില്‍ എത്തിയപ്പോള്‍ ഷാനവാസിന്റെ ഫോണ്‍ നമ്പർ കൈമാറിയ സീന പ്രശ്നം സെറ്റില്‍ ചെയ്യാൻ വീണ്ടും ആവശ്യപ്പെട്ടു.
കെയർ ടേക്കർ ഫോണില്‍ വിളിച്ചപ്പോള്‍ 5 ലക്ഷം രൂപയാണ് പരാതി പിൻവലിക്കാൻ ഷാനവാസ് ആവശ്യപ്പെട്ടത്. ഇത്രയും തുക പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ 2 ലക്ഷം രൂപയ്ത്ത് സമ്മതിക്കുകയും സീനയ്ക്ക് 25,000 രൂപ നല്കാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രശ്നം പരിഹരിച്ചതായി സീനയെ വാട്സാപ്പ് കോളില്‍ അറിയിക്കാനും നിർദ്ദേശിച്ചു.
തുടർന്നാണ് കെയർ ടേക്കർ വിജിലൻസിനെ സമീപിച്ചതും സീന ആവശ്യപ്പെട്ടത് പ്രകാരം ഇന്നലെ വൈകിട്ട് കലൂർ മെട്രോ സ്റ്റേഷൻ പരിസരത്ത് കൈക്കൂലിയുമായി എത്തിയതും. കലൂർ ബസ് സ്റ്റേഷനില്‍ വച്ച് കൈക്കൂലി കൈമാറുന്നതിനിടെയാണ് ആദ്യം സീനയെയും തുടർന്ന് ഷാനവാസിനെയും കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയില്‍ ഹാജരാക്കും.






