കൊച്ചി: വൻ മയക്കുമരുന്ന് കേസിലെ ബുദ്ധി കേന്ദ്രമായ പ്രതി രണ്ട് വർഷത്തിന് ശേഷം പൊലീസ് പിടിയില്‍.
ഡാൻസറായ ആലുവ കൊടികുത്തുമല സിയോണ്‍ നഗറില്‍ പാലത്തൂർ വീട്ടില്‍ ലിജോ ജോയ് (39) യെ ആണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
2024 ജൂണ്‍ 27ന് ബെംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന 316 ഗ്രാം എംഡിഎംഎ, 2 എല്എസ്ടിഡി സ്റ്റാമ്പ്, 420 ഗ്രാം കഞ്ചാവ് എന്നിവ അത്താണിയില്‍ വെച്ച് പിടികൂടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലുവ ചാലയക്കല് തോട്ടുമുഖം കുമ്പശേരി വീട്ടില്‍ ആസാദ് (38), മലപ്പുറം തിരൂരങ്ങാടി കീഴ്മുറി കൂവുള്ളി വീട്ടില്‍ ഹരികൃഷ്ണൻ (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തൃശൂർ തലപ്പിള്ളി പൈങ്കുളം മങ്ങാട്ടു തൊടി വീട്ടില്‍ രാഗേഷ് (ജുമാഞ്ചി 32) നെ ഹിമാചല്‍ പ്രദേശിലെ കുളുവില്‍ നിന്ന് പിടികൂടിയിരുന്നു. മയക്കുമരുന്ന് വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്നതിൻ്റെ ബുദ്ധികേന്ദ്രം ആയിരുന്നു ലിജോ ജോയ്. സംശയം തോന്നാതിരിക്കാൻ ജുമാൻജി എന്ന് വിളിക്കുന്ന രാഗേഷ് മുഖാന്തരം ആണ് ഇയാള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത്.
മയക്കുമരുന്ന് 'ഡ്രോപ്പ്' ചെയ്യുന്നവർ അതിൻ്റെ ലൊക്കേഷൻ ജുമാഞ്ചിക്ക് കൈമാറും. ജുമാഞ്ചി ഇത് ലിജോയ്ക്ക് അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശൻ്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി ബൈജു പൗലോസ്, സർക്കിള്‍ ഇൻസ്പെക്ടർ ബി കെ അരുണ്‍, എസ്ഐ മാരായ അരുണ്‍ രാജ്, അഭിജിത്, എഎസ്ഐ എം വി ബിനു, സിപിഒ സജാസ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.






