കൊച്ചി: സ്വകാര്യ ബസുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവര്‍മാരെ പിടികൂടി പൊലിസ്.
ഇന്നു പുലര്‍ച്ചെ അഞ്ചു മുതല്‍ എട്ടു വരെ നടത്തിയ പരിശോധനയില്‍ മദ്യപിച്ച മൂന്നു ഡ്രൈവര്‍മാരെയാണ് തൃക്കാക്കര പൊലിസ് പിടികൂടിയത്.
ബസിന്റെ അമിതവേഗവും മറ്റു നിയമലംഘനങ്ങളുമാണ് പൊലിസ് പരിശോധിക്കുന്നത്.
ഇക്കഴിഞ്ഞ ബുധനാഴ്ച കാക്കനാട് ഇടിച്ചിറയില് നടന്ന അപകടത്തില്‍ തൃശൂര്‍ സ്വദേശിനിയായ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയുടെ ജീവന് നഷ്ടമായിരുന്നു.
ജിമ്മിലെ വ്യായാമം കഴിഞ്ഞ് നടന്നു പോവുകയായിരുന്ന അക്ഷരയെ അമിതവേഗത്തിലെത്തിയ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ശനിയാഴ്ച രാത്രി ഹൈക്കോടതിക്ക് സമീപം ട്രാഫിക് പൊലിസിനെ സ്വകാര്യ ബസ് ഇടിച്ചിട്ടിരുന്നു.
ആംബുലന്‍സ് കടത്തിവിടുന്നതിനിടെയാണ് കാക്കനാട് റൂട്ടിലോടുന്ന മഹാത്മ എന്ന ബസ് ട്രാഫിക് പൊലിസിനെ ഇടിച്ചിട്ടത്.
സ്വകാര്യ ബസുകളുടെ അമിതവേഗം നിയന്ത്രിക്കാത്തതില്‍ ഹൈക്കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു.






