കോട്ടയം: നട്ടുവേദനയും നടുവേദനയും പ്രായമായവരില്‍ മാത്രം കണ്ട് വന്നിരുന്ന രണ്ട് പ്രശ്നങ്ങളായിരുന്നു.
ഇന്നത്തെ കാലത്ത് 20-കളിലും 30-കളിലും ഉള്ളവർക്കുപോലും ഇത് വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജോലിസ്ഥലത്തും, യാത്ര ചെയ്യുമ്പോഴും, പഠിക്കുമ്പോഴുമെല്ലാം ചെറുപ്പക്കാർ ദീർഘനേരം ഇരിക്കുന്നു.
ഇതോടെ, ചുറ്റുമുള്ള പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുകയും അത് സന്ധികളെ ബാധിക്കുകയും ചെയ്യുന്നു.
യുവപ്രായക്കാരില്‍ മുട്ടുവേദനയും അനുബന്ധ പ്രശ്നങ്ങളും വർധിച്ചുവരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. സ്ത്രീകളില്‍ 30 വയസ്സിനു ശേഷവും പുരുഷന്മാരില് 40 വയസ്സിനു ശേഷവുമാണ് ഇത്തരം പ്രശ്നങ്ങള്‍ കണ്ടുവരുന്നത്.
എന്നിരുന്നാലും, ഇതിന്റെ കാരണങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കാമെന്ന് അംബാലയിലെ ഓർത്തോപീഡിക് വിദഗ്ധനായ ഡോ. അക്ഷയ് സേത്ത് പറഞ്ഞു.
വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവ സന്ധികളുടെയും പേശികളുടെയും മൊത്തത്തിലുള്ള ആരോഗ്യത്തിന് അധിക സമ്മർദ്ദം നല്‍കിയേക്കാം. മുൻകാലങ്ങളെ അപേക്ഷിച്ച്, ആളുകള്‍ ഇപ്പോള്‍ ജോലിസ്ഥലത്തോ വീട്ടിലോ ഇരുന്നുകൊണ്ട് കൂടുതല്‍ സമയം ചെലവഴിക്കുന്നു. അതേസമയം, നടത്തം തുടങ്ങിയ ദൈനംദിന ശാരീരിക പ്രവർത്തനങ്ങള്‍ ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ട്.
ചില രോഗികള്‍ക്ക് മുട്ടുവേദനയ്ക്കു പുറമെ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നുണ്ട്. ശരീരവേദനയും ക്ഷീണവുമാണ് അവർ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. പകല്‍ സമയത്ത് കാര്യമായ ശാരീരിക അധ്വാനമൊന്നും ചെയ്തില്ലെങ്കില്‍ പോലും, വൈകുന്നേരമാകുമ്പോഴേക്കും അവർക്ക് കടുത്ത ക്ഷീണം അനുഭവപ്പെടാറുണ്ട്.






