കോട്ടയം: കാൻസർ രോഗികള്‍ക്ക് ആശ്വാസ നിമിഷം.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തകരാറിലായ റേഡിയേഷൻ മെഷീൻ വീണ്ടും പ്രവർത്തനസജ്ജമായി. രണ്ട് മെഷീനുകളില്‍ ഒന്ന് തകരാറിലായതോടെ ചികിത്സാ ക്രമീകരണങ്ങളില്‍ പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയുണ്ടായിരുന്നു.
എന്നാല്‍. മെഡിക്കല്‍ കോളേജ് അധികൃതരും മെഷീന്റെ പരിപാലന ചുമതലയുള്ള കമ്പനി അധികൃതരും നടത്തിയ ചർച്ചകള്‍ക്കൊടുവില്‍ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇന്നലെ രാവിലെ പ്രവർത്തനം പുനരാരംഭിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മെഷീനുകളില്‍ ഒന്ന് പ്രവർത്തനരഹിതമായത്. ഒരു മെഷീനില്‍ പ്രതിദിനം അമ്പതോളം രോഗികള്‍ക്കാണ് റേഡിയേഷൻ ചികിത്സ നല്‍കുന്നത്.
മെഷീനുകളുടെ വാർഷിക പരിപാലന കരാർ തുകയായ രണ്ടുകോടി രൂപയോളം രണ്ടുവർഷമായി കുടിശികയായതാണ് അറ്റകുറ്റപ്പണി വൈകുന്നതിന് കാരണമായത്.
രണ്ട് മെഷീനുകളും പ്രവർത്തനസജ്ജമായതോടെ കാൻസർ രോഗികള്‍ക്ക് തടസമില്ലാതെ റേഡിയേഷൻ ചികിത്സ ലഭ്യമാക്കാനുള്ള സാഹചര്യം വീണ്ടുമൊരുങ്ങി. കുടിശികയും പരിപാലനവുമായി ബന്ധപ്പെട്ട പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെയാണ് അധികൃതർ കമ്പനിയുമായി ചർച്ച നടത്തി പ്രശ്നപരിഹാരത്തിന് വഴിയൊരുക്കിയത്.






