തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളജായ കെ.കരുണാകരൻ മെമ്മോറിയല്‍ ഗവ.മെഡിക്കല്‍ കോളേജില്‍ അടുത്ത അധ്യയന വർഷം 100 എം.ബി.ബി.എസ് സീറ്റില്‍ പ്രവേശനം അനുവദിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ തത്വത്തില്‍ അംഗീകരിച്ചു.
ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘവുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കോടികള്‍ മുടക്കി 10വർഷം മുമ്പ് കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടും എം.ബി.ബി.എസ് പഠനം ആരംഭിക്കാൻ കഴിയാതെ പോയത് കുറ്റകരമായ അനാസ്ഥയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ഇതിനോടകം 1,100 കുട്ടികള്‍ക്ക് ഇവിടെ എം.ബി.ബി.എസ് പഠനത്തിന് അവസരമൊരുങ്ങുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായുള്ള കൂടിക്കാഴ്ച സൗഹാർദ്ദപരമായിരുന്നതായും കേരളത്തിന്റെ ആവശ്യങ്ങളോട് പോസിറ്റീവായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചതെന്നും ആരോഗ്യമന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.






