പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.
എല്‍ ഐ സിയുമായി (LIC) സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ, തീർത്ഥാടനത്തിനിടെ മരണപ്പെടുന്നവർക്ക് രണ്ട് ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
വെർച്വല്‍ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവ വഴി ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. തീർത്ഥാടകർ ശബരിമലയില്‍ എത്തുന്നതിന്റെ തലേദിവസം മുതല്‍ മൂന്ന് ദിവസത്തേക്കായിരിക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.
മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും നട തുറക്കുന്നതിന് മുൻപായി പൂർത്തിയാകുമെന്നും കെ ജയകുമാർ വ്യക്തമാക്കി. തീർത്ഥാടക കേന്ദ്രീകൃതമായ തീരുമാനങ്ങളാണ് ബോർഡ് സ്വീകരിച്ചിരിക്കുന്നത്. എല്ലാ മരാമത്ത് പണികളും പൂർത്തിയായിക്കഴിഞ്ഞു. മലകയറുമ്പോള്‍ വിശ്രമിക്കാൻ ഇരിപ്പിടങ്ങളില്ലെന്ന പരാതി പരിഹരിക്കുന്നതിനായി 200 സ്റ്റെയിൻലെസ് സ്റ്റീല്‍ കസേരകള്‍ സ്ഥാപിച്ചു. കൂടാതെ നിലയ്ക്കലില്‍ രണ്ടായിരത്തോളം പേർക്ക് ഒരേസമയം വിശ്രമിക്കാൻ സാധിക്കുന്ന രണ്ട് വലിയ പന്തലുകളും ഏർപ്പെടുത്തിയിട്ടുണ്ട്. വഴിപാടുകള്‍ക്ക് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിന് പ്രാധാന്യം നല്‍കുമെന്നും എല്ലാ ഡോളി സർവീസുകളും ഇനി മുതല്‍ പ്രീ - പെയ്ഡ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 17 - ന് നട തുറക്കുമ്പോള്‍ 50 ലക്ഷം ടിൻ അരവണ കരുതല്‍ ശേഖരമായി ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. അരവണ നിർമ്മാണത്തിന് ആവശ്യമായ ശർക്കരയുടെ കാര്യത്തില്‍ നിലവില്‍ ആശങ്കകളില്ല. നെയ്യ് മില്‍മയില്‍ നിന്നാണ് വാങ്ങുന്നത്. നേരത്തെ മുറികള്‍ ബുക്ക് ചെയ്യുന്നതിനുണ്ടായിരുന്ന സാങ്കേതിക പ്രശ്നങ്ങള്‍ പൂർണ്ണമായും പരിഹരിച്ചിട്ടുണ്ടെന്നും നിലവില്‍ തടസ്സങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






