തിരുവനന്തപുരം: കിളിമാനൂരില്‍ മകളെ വിവാഹം ചെയ്ത് നൽകാത്തതിന്റെ പേരിൽ അച്ഛനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. സുധീഷ് എന്നയാളെയാണ് പിടികൂടിയിരിക്കുന്നത്.
മൂന്ന് പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു. ആരോമല്‍, ലാല്‍ കൃഷ്ണ, അരുണ്‍ എന്നിവരാണ് ആദ്യം പിടിയിലായത്. പെണ്‍കുട്ടിയോടുളള സ്നേഹം വീട്ടുകാരെ അറിയിക്കാൻ വേണ്ടിയാണ് ഈ മർദനമെന്നാണ് പ്രതിയുടെ മൊഴി.
വലിയ തുക ചെലവഴിച്ചും ആസൂത്രണം നടത്തിയുമാണ് തട്ടിക്കൊണ്ടുപോകലും മർദനവും. അനില്‍കുമാർ എന്നയാളുടെ മകളെയാണ് സുധീഷ് വിവാഹമാലോചിച്ചത്. എന്നാല്‍ പെണ്‍കുട്ടിയും ബന്ധുക്കളും വിവാഹത്തെ എതിർത്തു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് അനില്‍ കുമാറിനെയും മകൻ അച്ചുവിനെയും തട്ടിക്കൊണ്ടുപോയി മർദിച്ചത്.
ആസൂത്രിതമായി ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തി ബന്ദിയാക്കി മർദിച്ച് അവശരാക്കുകയായിരുന്നു. പൊലീസില്‍ വിവരമറിയിച്ചതിനെ തുടർന്നാണ് ഒരു രാത്രിയും പകലും നീണ്ട മർദനത്തിനൊടുവില്‍ ഇരുവരെയും രക്ഷിച്ചത്.
കഴിഞ്ഞ 16ാം തീയതി നടന്ന സംഭവത്തില്‍ 4 പ്രതികളാണുള്ളത്. 3 പ്രതികള്‍ ഇന്ന് രാവിലെ ചിതറ പൊലീസില്‍ കീഴടങ്ങി. മുഖ്യപ്രതിയായ സുധീഷും കീഴടങ്ങുകയാണ് ചെയ്തത്.






