തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള ത്രൈമാസ മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച കത്തില്‍ അഭ്യർഥിച്ചു.
4,068 കിലോലിറ്റർ മണ്ണെണ്ണയാണു നിലവില്‍ ത്രൈമാസ വിഹിതം. അതു 9,564 കിലോലിറ്ററായി വർധിപ്പിക്കണമെന്നാണു ആവശ്യം.
സാമ്പത്തിക ദുർബലവിഭാഗങ്ങള്‍, കുടിയേറ്റ തൊഴിലാളികള്‍, മറ്റു പിന്നാക്കവിഭാഗങ്ങള്‍ എന്നിവർ സബ്സിഡി മണ്ണെണ്ണ ആശ്രയിക്കുന്നതിനാല്‍, സംസ്ഥാന സർക്കാരിന് വിതരണ അളവ് 0.5 ലിറ്ററില്‍ നിന്ന് ഒരുലിറ്ററായി വർധിപ്പിക്കാതെ മറ്റു മാർഗമില്ല.
തീരദേശ, കുന്നിൻ പ്രദേശങ്ങള്‍, വിദൂര നാടുകള്‍ എന്നിവിടങ്ങളില്‍ ഗാർഹിക ആവശ്യങ്ങള്‍ക്കായി മണ്ണെണ്ണയെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ എണ്ണം കേരളത്തില്‍ ഗണ്യമാണ്. എല്‍പിജി വിതരണനിയന്ത്രണം മൂലം മണ്ണെണ്ണയ്ക്കും മറ്റു പാചകഇന്ധനങ്ങള്ക്കും ആവശ്യം വർധിച്ചു.
സംസ്ഥാനത്ത് 95.5 ലക്ഷം റേഷൻ കാർഡ് ഉടമകളുണ്ട്. 2026-27 ലെ ആദ്യപാദത്തില്‍ 5496 കെഎല്‍ അധികവിഹിതം അനുവദിക്കണമെന്ന് സിവില്‍ സപ്ലൈസ് കമ്മിഷണർ കേന്ദ്ര സർക്കാരിനോട് നേരത്തെ അഭ്യർഥിച്ചിരുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.






