തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി അടുത്ത മൂന്ന് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.
തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെയാണ് വിവിധ ജില്ലകളില്‍ മഴ പ്രവചിച്ചിരിക്കുന്നത്. തിങ്കളും ചൊവ്വയും മൂന്ന് ജില്ലകളിലും ബുധനാഴ്ച നാല് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 15ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 16ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ടാകും.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. മഴ ലഭിക്കുന്നതോടെ സംസ്ഥാനത്തെ ഉയർന്ന താപനിലയ്ക്ക് നേരിയ ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് കടലാക്രമണത്തിനും സാധ്യതയുണ്ട്. 12ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റർ വരെ ഉയരമുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.






