കോട്ടയം: മഴക്കലിയിൽ വിറച്ച് സംസ്ഥാനം. ഇന്നലെ ദിവസം ആശങ്കയുടെ മുൾമുനയിലാണ് തള്ളിനീക്കിയത്.
ഒരു മാസത്തെ മഴ ഒരുമിച്ചു പെയ്തിറങ്ങിയ 24 മണിക്കൂറിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്.
സംസ്ഥാനത്ത് 3 കുട്ടികൾ ഉൾപ്പടെ 8 പേർ മരിച്ചു. 7 പേരെ കാണാതായി. ഔദ്യോഗികമായി സ്ഥിരീകരിച്ചത് 6 മരണം. 14 ജില്ലകളിലും മഴ നാശംവിതച്ചു.
പലയിടത്തായുണ്ടായ ലഘുമേഘവിസ്ഫോടനങ്ങളാണു പെട്ടെന്നുള്ള മഴയ്ക്കു കാരണം. ഏറ്റവും കൂടുതൽ പെയ്ത്ത് പത്തനംതിട്ടയിലെ വടശേരിക്കരയിൽ (24 മണിക്കൂറിൽ 36.1 സെന്റീമീറ്റർ).
ഇടുക്കി ജില്ലയിലെ വാഗമണിൽ 31.43 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി. ഇടുക്കി കല്ലാർ ഉൾപ്പെടെ വിവിധ ഡാമുകൾ തുറന്നു.
തിരുവനന്തപുരം, കൊല്ലം ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ട്. മിന്നൽ പ്രളയത്തിൽ റാന്നി ടൗൺ മുങ്ങി. പമ്പ, അച്ചൻകോവിൽ, മണിയാർ, കല്ലടയാർ എന്നീ നദികൾ കരകവിഞ്ഞു.






