പത്തനംതിട്ട : തുലാമഴക്കൊപ്പം എല്‍നിനോ പ്രതിഭാസവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലയോര മേഖലയായ പത്തനംതിട്ടയെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മിന്നല്‍ ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തി.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ മിന്നലില്‍ മനുഷ്യർക്കും വളർത്ത് മൃഗങ്ങള്‍ക്കും പരിക്കേല്‍ക്കുകയും നിരവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
ഇതേതുടർന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിലെ ശാസ്ത്രജ്ഞർ ജില്ലയെ മിന്നല്‍ ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തി പ്രത്യേക ജാഗ്രതാ നിർദ്ദേശം നല്‍കിയത്.
ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ അരുവാപ്പുലം പഞ്ചായത്തിലെ കുളത്തുമണ്‍, കൊക്കാത്തോട്, കടുപ്പാത്തോട് പ്രദേശങ്ങളില്‍ ഈ മാസം ഉണ്ടായ ശക്തമായ മിന്നലില്‍ പ്രദേശവാസികളായ രണ്ടുപേർക്ക് സാരമായി പരിക്കേറ്റിരുന്നു.
തുലമഴക്കൊപ്പം എല്‍നിനോയും കൂടി ചേരുന്നതോടെ ശക്തമായ മിന്നല്‍ ഉണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
പത്തനംതിട്ടയ്ക്ക് പുറമെ കോട്ടയം, ഇടുക്കി ജില്ലകളിലും എറണാകുളത്തിന്റെ മലയോര മേഖലകളിലും പ്രത്യേക ജാഗ്രതാനിർദ്ദേശമുണ്ട്.
പത്തനംതിട്ട ഉള്‍പ്പെടുന്ന മദ്ധ്യ - തെക്കൻ കേരളത്തിലെ ജില്ലകളിലാണ് മിന്നല്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നത്. പശ്ചിമഘട്ടത്തോട് ചേർന്നുള്ള ഭൂപ്രകൃതിയും കാലാവസ്ഥാ വ്യതിയാനങ്ങളും കാരണം
" ക്യുമുലോനിംബസ് " കാർമേഘങ്ങള്‍ രൂപപ്പെടുന്നതാണ് ശക്തമായ മിന്നലിന് കാരണമാകുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണ്ടെത്തല്‍.






