കൊച്ചി: പരീക്ഷ എഴുതിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ കാലടി സംസ്കൃത സർവകലാശാല വിദ്യാർഥികള്‍ ഇനിയും കാത്തിരിക്കണം.
ഹർജി നാളത്തേക്ക് പരിഗണിക്കാനായി മാറ്റി. മാപ്പ് പറഞ്ഞാല്‍ പരീക്ഷ എഴുതിപ്പിക്കാമെന്ന സർവകലാശാല വാദം തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമെന്നാണ് വാദം. തെറ്റ് ചെയ്തെന്ന് വരുത്തി തീർക്കാനുള്ള ശ്രമമെന്ന് പുതുക്കി നല്കിയ ഹർജിയില്‍ വിദ്യാർഥികള്‍ പറയുന്നു. ജസ്റ്റിസ് പി വി കുഞ്ഞു കൃഷ്ണൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വാദം കേള്‍ക്കല്‍ നാളത്തേയ്ക്ക് മാറ്റിവെച്ചത്.
കഴിഞ്ഞ ദിവസം വിദ്യാർഥികള്‍ക്കെതിരായി കോടതിയില്‍ സർവകലാശാല സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കോടതിയുടെ നിർദേശ പ്രകാരം വിദ്യാർഥികള്‍ മറുപടി സത്യവാങ്മൂലവും സമർപ്പിച്ചു. അതേസമയം, അന്യായമായ സസ്പെൻഷനെതിരെ കാലടി സംസ്കൃത സർവകലാശാലയില്‍ വിദ്യാർഥികള്‍ നടത്തുന്ന നിരാഹാര സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു. ശിവകുമാർ, ശ്രദ്ധ, അതുല്യ എന്നീ വിദ്യാർഥികളാണ് ഇപ്പോള്‍ ക്യാമ്പസിന് മുന്നില്‍ നിരാഹാരം ഇരിക്കുന്നത്.






