കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിലെ 'രാമൻ' എന്ന ആനയെ തിരികെ നല്കിയില്ലെന്ന പരാതിയില് തൃശ്ശൂർ അമ്പല്ലൂർ സ്വദേശി കൃഷ്ണൻകുട്ടിക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനല് കേസ് ഹൈക്കോടതി റദ്ദാക്കി.
കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറും തുടർ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൃഷ്ണൻകുട്ടി നല്കിയ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്.
ആനയെ മഠത്തിന് തിരികെ ഏല്പ്പിച്ചില്ലെന്ന് ആരോപിച്ച് മഠത്തിലെ അന്തേവാസിയായ ആലപ്പുഴ സ്വദേശി ജയകൃഷ്ണ മേനോൻ നല്കിയ പരാതിയിലായിരുന്നു പൊലീസ് നടപടി. വിശ്വാസവഞ്ചന ഉള്പ്പെടെയുള്ള കുറ്റങ്ങള് ചുമത്തിയാണ് കേസെടുത്തത്. 1999ല് കെ വി സദാനന്ദൻ എന്നയാളാണ് രാമൻ എന്ന ആനയെ മഠത്തിന് നല്കിയത്. എന്നാല്, ആനയ്ക്ക് പതിവായി മദപ്പാടിന്റെ ലക്ഷണങ്ങള് പ്രകടമായതോടെ മഠം അധികൃതർ സദാനന്ദന് തിരികെ കൈമാറി. പിന്നീട് ആനയുടെ പരിപാലനത്തിനായി സദാനന്ദൻ കൃഷ്ണൻകുട്ടിയെ ഏല്പ്പിക്കുകയായിരുന്നു.
തുടർന്ന് ആനയെ മഠത്തിന് തിരികെ നല്കിയില്ലെന്നാരോപിച്ച് പരാതി ഉയരുകയും ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തർക്കം സിവില് കോടതിയിലെത്തുകയും ചെയ്തു. ആനയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം സിവില് കോടതിയുടെ പരിഗണനയിലാണെന്നും ഇക്കാര്യത്തില് അന്തിമ തീരുമാനമായിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തില് വിശ്വാസവഞ്ചനയടക്കമുള്ള കുറ്റങ്ങള് ചുമത്തി ക്രിമിനല് നടപടികളുമായി മുന്നോട്ട് പോകാനാവില്ലെന്ന് വിലയിരുത്തിയാണ് എഫ്ഐആറും തുടർ നടപടികളും റദ്ദാക്കിയത്.






