ഗളൂരു: ഇന്ത്യ-വെസ്റ്റ് ഇന്ഡീസ് നിര്ണായക അഞ്ചാം ടി20 മഴയെ തുടര്ന്ന് ഉപേക്ഷിച്ചു. നേരത്തെ, മഴയെ തുടര്ന്ന് മത്സരം ഒമ്പത് ഓവറാക്കി ചുരുക്കിയിരുന്നു.
എന്നാല് 7.4 ഓവറായപ്പോള് വീണ്ടും മഴയെത്തിയതോടെ മത്സരം ഉപേക്ഷിക്കാന് തീരുമാനിക്കുകയായിരുന്നു. ഇതോടെ പരമ്പര 2-2ന് സമനിലയില് അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ അഞ്ചിന് 118 നിലയിലാകുമ്പോഴാണ് മഴ മത്സരം തടസപ്പെടുന്നത്. ഇഷാന് കിഷന്റെ (10 പന്തില് 30) വെടിക്കെട്ടാണ് മികച്ച സ്കോര് സമ്മാനിച്ചത്. നമന് ധിര് (6 പന്തില് പുറത്താവാതെ 24) മികച്ച പ്രകടനം പുറത്തെടുത്തു. സഞ്ജു സാംസണ് ഏഴ് പന്തില് 16 റണ്സെടുത്ത് മടങ്ങി. അഞ്ച് വിക്കറ്റുകള് ഇന്ത്യക്ക് നഷ്ടമായി. വിന്ഡീസിന് വേണ്ടി കീമോ പോള് രണ്ട് വിക്കറ്റ് വീഴ്ത്തി.
ആദ്യ ഓവറില് തന്നെ അഭിഷേക് ശര്മയുടെ (6) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. തുടര്ന്നായിരുന്നു കിഷന് ഷോ. ആദ്യ പന്തില് ആക്രമിച്ച കളിച്ച കിഷന് രണ്ട് സിക്സും മൂന്ന് ഫോറും നേടി. സഞ്ജുവിനൊപ്പം 31 റണ്സ് ചേര്ത്ത ശേഷമാണ് കിഷന് മടങ്ങിയത്. തുടര്ന്ന് സഞ്ജു രണ്ട് ഫോറും ഒരു സിക്സും പായിച്ചു. എന്നാല് അഞ്ചാം ഓവറില് ഷമാര് സ്പ്രിങറുടെ പന്തില് ബൗള്ഡായി. ക്യാപ്റ്റന് ശ്രേയസ് അയ്യര് (14 പന്തില് 22) തപ്പിതടഞ്ഞെങ്കിലും നമന് ധിറിന്റെ ഇന്നിംഗ്സ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് ഉയര്ത്തുകയായിരുന്നു. എട്ടാം ഓവറിലെ നാലാം പന്തില് തിലക് വര്മയുടെ (7) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ മഴയുമെത്തി. ധിര് മൂന്ന് സിക്സും ഒരു ഫോറും നേടി.
ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില് ടോസ് നേടിയ വിന്ഡീസ് ക്യാപ്റ്റന് ഷായ് ഹോപ്പ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കനത്ത മഴയെ തുടര്ന്ന് കൃത്യസമയത്ത് ടോസിടാന് സാധിച്ചിരുന്നില്ല. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. മായങ്ക് യാദവിന് പകരം ഭുവനേശ്വര് കുമാര് ടീമിലെത്തി. ശിവം ദുബെയും ടീമിലുണ്ട്. നിതീഷ് കുമാര് റെഡ്ഡിയാണ് പുറത്തായത്.ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം.
ഇന്ത്യ: അഭിഷേക് ശര്മ്മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്), ഇഷാന് കിഷന്, ശ്രേയസ് അയ്യര് (ക്യാപ്റ്റന്), തിലക് വര്മ്മ, ശിവം ദുബെ, നമന് ധീര്, അക്സര് പട്ടേല്, ഭുവനേശ്വര് കുമാര്, പ്രിന്സ് യാദവ്, അര്ഷ്ദീപ് സിംഗ്.
വെസ്റ്റ് ഇന്ഡീസ്: ഷായ് ഹോപ്പ് (ക്യാപ്റ്റന് & വിക്കറ്റ് കീപ്പര്), ജുവല് ആന്ഡ്രൂ, ഷിംറോണ് ഹെറ്റ്മെയര്, റോവ്മാന് പവല്, ഷെര്ഫെയ്ന് റൂഥര്ഫോര്ഡ്, റൊമാരിയോ ഷെപ്പേര്ഡ്, റോസ്റ്റണ് ചേസ്, കീമോ പോള്, ഷമാര് സ്പ്രിംഗര്, ഗുഡകേഷ് മോട്ടി, ഷമാര് ജോസഫ്.






