തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ കൂട്ട സ്ഥലംമാറ്റ ഉത്തരവിനെതിരെ രംഗത്തെത്തി കെജിഎൻഎ.
സർക്കാരിൻ്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നും എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചു കൊണ്ടുള്ള കൂട്ട സ്ഥലം മാറ്റ ഉത്തരവ് റദ്ദു ചെയ്യണമെന്നും കെജിഎൻഎ ആവശ്യപ്പെട്ടു.
193 നേഴ്സുമാരെയാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തലങ്ങും വിലങ്ങും സ്ഥലം മാറ്റിയത്. പലരേയും വിദൂര ജില്ലകളിലേക്കാണ് മാറ്റിയിരിക്കുന്നത്. കെ.ജി.എൻ.എ പ്രവർത്തകരെ തെരഞ്ഞുപിടിച്ച് സ്ഥലം മാറ്റിയിരിക്കുകയാണ്. അതേസമയം സ്ഥലം മാറ്റ അപേക്ഷ നല്കി കാത്തിരിക്കുന്ന നിരവധി പേരെ പരിഗണിക്കാനും തയ്യാറായിട്ടില്ല. സ്ഥലംമാറ്റത്തിനൊപ്പം സീനിയർ നേഴ്സിംഗ് ഓഫീസർ തസ്തികയിലേക്ക് നടത്തിയിരിക്കുന്ന സ്ഥാന കയറ്റത്തില്‍ പകുതി ഒഴിവുകളിലേക്ക് പോലും നിയമനം നടത്താനും തയ്യാറായിട്ടില്ലെന്നും ഇവർ വ്യക്തമാക്കി.
ആരോഗ്യ വകുപ്പില്‍ പൊതു സ്ഥലം മാറ്റത്തിന് വിജ്ഞാപനം പുറപെടുവിച്ചത് രണ്ടു ദിവസം മുൻപാണ്. വിജ്ഞാപനം വന്നു കഴിഞ്ഞാല്‍ പിന്നെ മറ്റു സ്ഥലം മാറ്റങ്ങള്‍ പാടില്ലെന്ന വ്യവസ്ഥയും ലംഘിച്ചിരിക്കുകയാണ്. നേഴ്സുമാരില്‍ ബഹുഭൂരിപക്ഷവും വനിതകളാണ്. വിദൂര സ്ഥലത്തേക്ക് സ്ഥലം മാറ്റുന്ന നടപടി അവരുടെ കുടുംബാന്തരീക്ഷത്തേയും പ്രതികൂലമായി ബാധിക്കും. വലിയ മാനസിക സമ്മർദ്ദമാണ് ഇത്തരം നടപടികളുടെ ഫലമായി നേഴ്സുമാർ അനുഭവിക്കേണ്ടി വരുന്നത്. സർക്കാരുകള്‍ മാറി മാറി ഭരിച്ചപ്പോഴും മുൻപ് ഒരു കാലഘട്ടത്തിലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും ഇവർ ചൂണ്ടികാട്ടി.
കേരള ഗവ നേഴ്സസ് അസോസിയേഷനെ തകർക്കുക എന്ന ഭരണാനുകൂല സംഘടനകളുടെ താല്പര്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഇത്തരം നടപടികള്‍ക്ക് മുതിരുന്നത്. എന്നാല്‍ ഇത് ആരോഗ്യ വകുപ്പിൻ്റെ പ്രവർത്തനങ്ങളെയാകെ അവതാളത്തിലാക്കുമെന്ന കാര്യം സർക്കാർ തിരിച്ചറിയണം. മറ്റു വകുപ്പുകളില്‍ നിന്നും വ്യത്യസ്തമാണ് ആരോഗ്യ വകുപ്പിൻ്റെ പ്രവർത്തനം. 24 മണിക്കൂറും രോഗികള്‍ക്കാവശ്യമായ സേവനം നല്‍കുന്നവരാണ് നേഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും. മാനസിക പിരിമുറുക്കമില്ലാതെ അവർക്ക് ജോലി ചെയ്യാനുള്ള അവസരമൊരുക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും ഇവർ കൂട്ടിചേർത്തു.
എന്നാല്‍ യു.ഡി എഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഇതിന് കഴിയാതായിരിക്കുന്നു. സ്ഥലം മാറ്റവും ഭരണാനുകൂല സംഘടനകളുടെ ഭീഷണിയും നിരന്തരം ഉണ്ടാവുന്നു. ഇത് മാനസിക സമ്മർദ്ദമില്ലാതെ ആത്മവിശ്വാസത്തോടെ രോഗീപരിചരണം നിർവഹിക്കാനുള്ള അവസരം നിഷേധിക്കുന്നു. അടിക്കടിയുണ്ടാവുന്ന ചികിത്സാ പിഴവുകളുടെ അടിസ്ഥാന കാരണങ്ങളിലൊന്ന് ഈ വസ്തുതയാണെന്നുള്ള കാര്യം സർക്കാർ തിരിച്ചറിയണം. ഭരണ സൗകര്യാർത്ഥം എന്ന പേരില്‍ നടത്തുന്ന ഈ അതിക്രമം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറവണം. ആരോഗ്യ വകുപ്പിൻ്റെ പ്രവർത്തനങ്ങള്‍ ജനോപകാരപ്രദമാവണമെങ്കില് ഇത് അനിവാര്യമാണെന്നും കെജിഎൻഎ പറഞ്ഞു.
ജനങ്ങളുമായി ഏറ്റവും അധികം ബന്ധപ്പെടുന്ന സ്ഥാപനങ്ങള്‍ എന്ന നിലയില്‍ സർക്കാർ ആശുപത്രികളുടെ മെച്ചപെട്ട പ്രവർത്തനം ഉറപ്പുവരുത്താൻ പൊതു സമൂഹത്തിൻ്റെ ജാഗ്രതയോടെയുള്ള ഇടപെടല്‍ ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നുവെന്നും കെജിഎൻഎ വ്യക്തമാക്കി






