തിരുവനന്തപുരം : കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ മോഹനന് കുന്നുമ്മല്‍ വീണ്ടും ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തു. 'സങ്കല്‍പ്പ് 2026 യുവ സംഗമം' എന്ന പരിപാടിയിലാണ് മോഹനന് കുന്നുമ്മല്‍ പങ്കെടുത്തത്. ആര്‍എസ്എസ് തിരുവനന്തപുകം ഗ്രാമ ജില്ല സംഘടിപ്പിക്കുന്ന പരിപാടിയാണിത്. പരിപാടിയില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയത് മോഹനന് കുന്നുമ്മല്‍ ആണ്. മഹനീയ സദസ്സില്‍ വരാന്‍ കഴിഞ്ഞത് ഭാഗ്യമെന്നായിരുന്നു മോഹനന് കുന്നുമ്മലിന്റെ പ്രതികരണം.
പരിപാടിയിൽ പങ്കെടുത്ത വിസി, വേദിയിലെ ഭാരതാംബക്ക് മുന്നിലെ ദീപം കൊളുത്തി. ലോകത്തിലെ 60 ശതമാനം മരുന്നുകൾ നിർമ്മിക്കുന്നത് ഇന്ത്യയാണെന്നും സായിപ്പിന് മരുന്ന് വേണമെങ്കിൽ ഇന്ത്യ നിർമ്മിക്കണമെന്ന അവസ്ഥ എത്തിയെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം കൊണ്ട് വന്നത് കുഞ്ഞു നാൾ മുതൽ കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കാനാണാണെന്നും ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് 3 വയസ്സുള്ള കുട്ടികൾക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. നാല് വർഷ വിദ്യാഭ്യാസ രീതി കേരളം നടപ്പിലാക്കാൻ സമ്മതിക്കില്ല എന്ന് പറഞ്ഞു. എന്നാൽ കേരള യൂണിവേഴ്സിറ്റിയിൽ ഞാൻ അത് നടപ്പിലാക്കി. ഇപ്പോൾ എല്ലാവരും അത് നടപ്പിലാക്കുന്നുവെന്നും വിസി പറഞ്ഞു.
സ്കൂളുകളില്‍ കളിക്കളങ്ങള്‍ ഇല്ല. മൈതാനങ്ങള്‍ മാളുകളായി മാറി. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ചെറുപ്പക്കാരെ മയക്കുമരുന്നിന് അടിമയാക്കുന്നു എന്നതാണ്. നല്ലവരായ ചെറുപ്പക്കാരെ മനഃപൂര്‍വ്വം മയക്കുമരുന്നിന് അടിമയാക്കുകയാണെന്നും മോഹനന് കുന്നുമ്മല്‍ പറഞ്ഞു.
ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം എന്ന് പാടുന്നത്. അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരം എതിർക്കുന്നത്. അവരും മാറും, ഈ നാട് മാറുകയാണ്. പിഎസ്സി പരീക്ഷ എഴുതി ജോലി കിട്ടണമെങ്കിൽ വേറെ കുറച്ച് കാര്യങ്ങള്‍ കൂടി ചെയ്യണം. കഴിഞ്ഞ നല്ല കാലത്തേക്ക് നമ്മൾ തിരിച്ച് പോവുകയാണ്. ചില കള്ളന്മാർ അത് വന്നു കൊള്ളയടിച്ചു. അവർക്ക് കൂട്ടു നിന്നത് ആരാണ് എന്ന് നമ്മുക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. വന്ദേ മാതരം പരാമർശിച്ചാണ് വിസി പ്രസംഗം അവസാനിപ്പിച്ചത്.






