കൊച്ചി: 52 ദിവസം നീണ്ടുനിന്ന വറുതിക്കാലത്തിന് വിരാമം. ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. നിരോധനം നീങ്ങുന്നതോടെ ശനിയാഴ്ച പുലർച്ചെ മുതൽ ബോട്ടുകൾ കടലിലേക്ക് ഇറങ്ങും. ഇതോടെ സംസ്ഥാനത്തെ മത്സ്യബന്ധന ഹാർബറുകളെല്ലാം സജീവമായ ഒരുക്കങ്ങളിലാണ്.
നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ ഭൂരിഭാഗവും തിരിച്ചെത്തിയിട്ടുണ്ട്. ബോട്ടുകളുടെ അറ്റകുറ്റപ്പണികളും എഞ്ചിൻ സർവീസിംഗും പൂർത്തിയാക്കി പുതിയ വലകളും സജ്ജമാക്കി കഴിഞ്ഞു. ബോട്ടുകളിൽ ഐസ്, കുടിവെള്ളം, മറ്റ് അവശ്യസാധനങ്ങൾ എന്നിവ നിറയ്ക്കുന്ന തിരക്കിലാണ് തൊഴിലാളികൾ.
ട്രോളിങ് കാലയളവിൽ പരമ്പരാഗത വള്ളങ്ങൾക്ക് ചെറിയ തോതിൽ മത്തിയും ചെമ്മീനും ലഭിച്ചിരുന്നുവെങ്കിലും മൊത്തത്തിൽ മീൻ ലഭ്യത കുറവായിരുന്നു.
വരും ദിവസങ്ങളിൽ കിളിമീൻ, കൂന്തൾ, പ്രോൺസ് തുടങ്ങിയവ ധാരാളമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ട് ഉടമകൾ.
കടലിൽ പോകുന്നതിന് തടസ്സമില്ലായിരുന്നെങ്കിലും ട്രോളിങ് സമയത്ത് പരമ്പരാഗത തൊഴിലാളികൾക്കും വലിയ രീതിയിൽ മത്സ്യം ലഭിച്ചിരുന്നില്ല. ഇത് വിപണിയിൽ മീൻ വില കുത്തനെ ഉയരാൻ ഇടയാക്കിയിരുന്നു.






