വയനാട് : മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ അന്തിമവിധി ഇന്ന്. ആദിവാസി ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദൻ ഉൾപ്പടെ കേസിൽ ആകെ 53 പ്രതികളാണ് ഉള്ളത്. പൊലീസ് കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെട്ട കേസിൽ വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത് 23 വർഷങ്ങൾക്ക് ശേഷമാണ്. പ്രതിപ്പട്ടികയിലുള്ള 15 പേർ ഇന്ന് ജീവിച്ചിരിപ്പില്ല.
2003 ജനുവരി 5നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ആദിവാസികൾ കുടിൽകെട്ടി ഭൂസമരം ആരംഭിച്ചത്. ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് നേരെ പൊലീസ് നടപടി തുടങ്ങിയതോടെ സംഘർഷം രൂക്ഷമായി. ഇതിനിടെ സമരക്കാർ കണ്ണൂർ കെഎപി നാലാം ബറ്റാലിയനിലെ കോൺസ്റ്റബിൾ കെവി വിനോദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
ആദിവാസി ഗോത്ര മഹാസഭ നേതാവ് എം ഗീതാനന്ദനാണ് ഒന്നാം പ്രതി. സമരനായിക സികെ ജാനു ഉൾപ്പെടെ ആകെ 53 പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. കേസ് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവിൽ സിബിഐ ചെന്നൈ യൂണിറ്റുമാണ് അന്വേഷിച്ചത്.
2003 ഫെബ്രുവരി 19ന് സമരക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ജോഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെടുകയും നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ജോഗി കൊല്ലപ്പെട്ടതിൽ കൃത്യമായ അന്വേഷണമോ നിയമനടപടിയോ ഉണ്ടായില്ലെന്ന വിമർശനങ്ങൾ ഇപ്പോഴുമുണ്ട്.






