കോഴിക്കോട് : പങ്കാളിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കീർത്തന ചികിത്സയിൽ കഴിയുന്നത്. അഞ്ചുതവണയാണ് കീർത്തനയ്ക്ക് കുത്തേറ്റത്. ഇതിൽ കഴുത്തിലേറ്റ മുറിവ് ആഴത്തിലുള്ളതാണ്.
ശനിയാഴ്ചയാണ് വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽവെച്ച് കീർത്തനയെ പങ്കാളിയായ ജിനീഷ് കുത്തിപ്പരിക്കേൽപ്പിച്ചത്. എംഡിഎംഎ കേസിലെ ജാമ്യവ്യവസ്ഥകളുടെ ഭാഗമായി കീർത്തന പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോളായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ കീർത്തനയെ പൊലീസ് ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രതി ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മുൻവൈരാഗ്യമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ് പ്രതിയുടെ മൊഴി. ബിആർസി അധ്യാപികയായ കീർത്തനയും ജിനീഷും രണ്ടുവർഷമായി ഒരുമിച്ചായിരുന്നു താമസമെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മിൽ നേരത്തേ പ്രശ്നങ്ങളുണ്ട്. കീർത്തനയുടെ ചില സുഹൃദ്ബന്ധങ്ങളിൽ ജിനീഷിന് എതിർപ്പുണ്ടായിരുന്നു.
ഇതിനിടെ ചില ഇൻസ്റ്റഗ്രാം പോസ്റ്റുകളും സുഹൃത്തുക്കളുടെ ഭീഷണിയും പ്രതിയെ പ്രകോപിപ്പിച്ചു. ഇതോടെയാണ് കൊലപാതകം നടത്താൻ തീരുമാനിച്ചതെന്നും ഇതിനായി ഒരാഴ്ച മുൻപാണ് കത്തി വാങ്ങിയതെന്നും ജിനീഷ് മൊഴി നൽകിയിട്ടുണ്ട്.






