ആലപ്പുഴ: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ തുടർച്ചയായി സൈബർ ആക്രമണം നടത്തിയ സംഭവത്തില്‍ അഞ്ചുപേർക്കെതിരെ കേസെടുത്ത് ആലപ്പുഴ സൈബർ ക്രൈം പൊലീസ്.
കോണ്‍ഗ്രസ് നേതാവ് ജോണ്സണ് എബ്രഹാം നല്കിയ പരാതിയിലാണ് ഒടുവില്‍ പോലീസ് നടപടി. ഡിജിപിക്ക് നേരിട്ട് പരാതി നല്കി രണ്ടുമാസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ജോണ്സണ് എബ്രഹാം ആഭ്യന്തരമന്ത്രിക്ക് വീണ്ടും നിവേദനം നല്‍കിയത്.
തുടർന്ന് ആഭ്യന്തരമന്ത്രിയുടെ നിർദേശപ്രകാരം അന്വേഷണത്തിനായി സൈബർ വിഭാഗം ഐജിയെ ചുമതലപ്പെടുത്തുകയായിരുന്നു. സൈബർ ആക്രമണം നടത്തിയ അഞ്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും ഡിജിപിക്ക് നല്കിയ പരാതിക്കൊപ്പം കൈമാറിയിരുന്നു. കേസെടുത്തതിനെത്തുടർന്ന് പരാതിക്കാരന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്ക് പോലീസ് കടക്കുമെന്നാണ് വിവരം.





