ന്യൂഡല്‍ഹി : ഇന്ന് മുതല്‍ മൂന്ന് ദിവസം പ്രഖ്യാപിച്ചിരുന്ന ബാങ്ക് സമരം പിന്‍വലിച്ചു. സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറംസ് ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് സമരം പിന്‍വലിച്ചതായി ആറിയിച്ചിരിക്കുന്നത്. ഇന്ന് രാത്രി ഒന്‍പത് മുപ്പതിന് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും യുഎഫ്ബിയുവും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. ഈ ചര്‍ച്ച ധാരണയില്‍ എത്തിയതാണ് സമരം പിന്‍വലിക്കാന്‍ കാരണം എന്നാണ് വിവരം.
എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഐബിഎ-യുഎഫ്ബിയു ഉന്നതതല സമിതി രൂപീകരിക്കും. പ്രധാനമായും അഞ്ച് ദിവസത്തെ ബാങ്കിങ് ആഴ്ച നടപ്പിലാക്കണമെന്നായിരുന്നു ബാങ്ക് സംഘടനകളുടെ ആവശ്യം. നിലവില്‍ രണ്ടാം ശനിയും നാലാം ശനിയും മാത്രമാണ് ബാങ്കിന് അവധിയുള്ളത്. തിങ്കള്‍ മുതല്‍ വെള്ളിവരെ മാത്രമാക്കി ബാങ്കിങ് ചുരുക്കണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. അതിനുപുറമേ ജീവനക്കാരുടെ പ്രേത്സാഹന പദവി, പെന്ഷന് സംബന്ധമായ കാര്യങ്ങളും സമരാവശ്യമായി ഉന്നയിച്ചിരുന്നു.
ഇന്നലെ 9.30ന് നടത്തിയ ചര്‍ച്ചയിലാണ് ചില സുപ്രധാന കാര്യങ്ങളില്‍ ധാരണയുണ്ടായിരിക്കുന്നത്. മൂന്ന് ദിവസത്തെ സമര പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ബാങ്ക് പ്രവര്‍ത്തിച്ചിരുന്നു.






