തൃശൂർ: പി എം ശ്രീ പദ്ധതിയോടുള്ള എതിർപ്പ് വീണ്ടും പ്രകടിപ്പിച്ച് എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ സി വ്യക്തമാക്കി.
പി എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകാനാകില്ലെന്ന നിലപാട് വി ഡി സതീശൻ സർക്കാർ ആവർത്തിക്കുമ്പോഴാണ് സംഘടന ജനറല്‍ സെക്രട്ടറി ഹൈക്കമാൻഡ് നിലപാട് വീണ്ടും ഓർമ്മപ്പെടുത്തിയത്. യു ഡി എഫ് സർക്കാരിനെതിരെ പി എം ശ്രീയുടെ പേരില്‍ വിമർശനമുന്നയിച്ച മുൻ മന്ത്രി കെ രാജന് ശക്തമായ മറുപടിയും കെ സി വേണുഗോപാല്‍ നല്കി.
ക്യാബിനറ്റ് മന്ത്രിയായിരുന്ന കാലത്ത് മിണ്ടാതിരുന്ന ആളല്ലേ ഈ രാജനെന്നായിരുന്നു ചോദ്യം. രാജന്റെ വീര്യം അന്ന് കണ്ടില്ലെന്നും അന്ന് ഒത്തുകളിക്കുകയായിരുന്നുവെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിലും സമസ്ത മുഖപത്രത്തിന്റെ വിമർശനത്തിലും പാർട്ടിയുടെ നിലപാട് കോണ്‍ഗ്രസ് തന്നെ തീരുമാനിക്കുമെന്നും വെറുതെ വിവാദങ്ങളിലേക്ക് പോകാൻ താല്പര്യപ്പെടുന്നില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി.






