തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണുള്ള താരലേലത്തിൽ ഏറ്റവും വിലകൂടിയ താരമായി സിബിൻ ഗിരീഷ്.
ലേലത്തിലെ ആലപ്പി റിപ്പിൾസ് 11.80 ലക്ഷം രൂപയ്ക്കാണ് സിബിൻ ഗിരീഷിനെ സ്വന്തമാക്കിയത്.
കൃഷ്ണദേവനും സച്ചിൻ ബേബിയുമാണ് കൂടുതൽ തുക നേടിയ മറ്റ് താരങ്ങൾ.
കൃഷ്ണദേവനെ 11.20 ലക്ഷത്തിന് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് സ്വന്തമാക്കിയപ്പോൾ സച്ചിൻ ബേബിയെ പത്ത് ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിൾസും ടീമിലെത്തിച്ചു.
18 താരങ്ങളെ വിവിധ ടീമുകൾ നേരത്തെ തന്നെ നിലനിർത്തിയിരുന്നു.
ശേഷിക്കുന്ന 89 പേരെയാണ് വിവിധ ടീമുകൾ ലേലത്തിലൂടെ സ്വന്തമാക്കിയത്.
.സി കാറ്റഗറിയിൽപ്പെട്ട താരമായ സിബിന്റെ അടിസ്ഥാന വില 75,000 രൂപയായിരുന്നു.
.
എന്നാൽ കഴിഞ്ഞ സീസണിലും ഏതാനും ദിവസം മുൻപ് അവസാനിച്ച എൻ.എസ്.കെ. ട്രോഫിയിലുമടക്കം മികച്ച പ്രകടനം കാഴ്ചവെച്ച സിബിനായി വാശിയേറിയ പോരാട്ടമായിരുന്നു അരങ്ങേറിയത്.
ആലപ്പി റിപ്പിൾസിന് പുറമെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശൂർ ടൈറ്റൻസും കൊച്ചി ബ്ലൂ ടൈഗേഴ്സും സിബിനായി രംഗത്തുണ്ടായിരുന്നു. ഒടുവിൽ 11.80 ലക്ഷത്തിന് സിബിനെ ആലപ്പി സ്വന്തമാക്കുകയായിരുന്നു.
കൂറ്റനടികളിലൂടെ കഴിഞ്ഞ സീസണിൽ ശ്രദ്ധേയനായ കൃഷ്ണദേവന് വേണ്ടിയും വാശിയേറിയ ലേലമായിരുന്നു അരങ്ങേറിയത്.
തൃശൂരും കൊച്ചിയും ഉയർത്തിയ കടുത്ത വെല്ലുവിളി മറികടന്ന് 11.20 ലക്ഷത്തിന് കാലിക്കറ്റ് തന്നെ ലേലത്തിലൂടെ താരത്തെ നിലനിർത്തി.
എ കാറ്റഗറിയിൽ സച്ചിൻ ബേബിയും വിഷ്ണു വിനോദും നിധീഷ് എം. ഡി.യും ബേസിൽ തമ്പിയും അടക്കമുള്ള താരങ്ങളായിരുന്നു ഏറ്റവും കൂടുതൽ തുക നേടിയത്.
തൃശൂർ ഉയർത്തിയ കടുത്ത വെല്ലുവിളി മറികടന്ന് പത്ത് ലക്ഷത്തിന് സച്ചിനെ ആലപ്പി ടീമിലെത്തിച്ചപ്പോൾ, വിഷ്ണു വിനോദിനെ 7.80 ലക്ഷത്തിന് ട്രിവാൺഡ്രം റോയൽസ് സ്വന്തമാക്കി.
നിധീഷ് എം. ഡി.യെ 6.60 ലക്ഷത്തിന് കൊല്ലവും ബേസിൽ തമ്പിയെ 5.40 ലക്ഷത്തിന് കൊച്ചി ബ്ലൂ ടൈഗേഴ്സും ടീമിലെത്തിച്ചു.






