കോഴിക്കോട്: കായിക കേരളത്തിന്റെ അഭിമാനമായ ഒളിമ്പ്യന്‍ പി.ടി. ഉഷയെ വേദിയില്‍ പരസ്യമായി അപമാനിച്ചും അശാസ്ത്രീയമായ സംഘാടനത്തിന് വഴിയൊരുക്കിയും സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് വിവാദ തുടക്കം.
കോഴിക്കോട് ചാത്തമംഗലം എല്‍.ഐ.ടി സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കായികമേളയുടെ ബ്രാന്‍ഡ് അംബാസഡറും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റുമായ പി.ടി. ഉഷയെ സാക്ഷിയാക്കി മുഖ്യമന്ത്രി വി.ഡി. സതീശന് നേരിട്ട് ദീപം തെളിക്കുകയായിരുന്നു.
മേളയുടെ ഔദ്യോഗിക വിവരമനുസരിച്ച് നാട്ടുകാരി കൂടിയായ പി.ടി. ഉഷ തന്നെ ദീപം തെളിയിക്കുമെന്നാണ് മുന്‍കൂട്ടി അറിയിച്ചിരുന്നത്. ഇതിനായി മധ്യപ്രദേശിലെ ജബല്പൂരില് നിന്നാണ് ഉഷ പ്രത്യേകമായി കോഴിക്കോട്ടേക്ക് എത്തിയത്. മൈതാനം ചുറ്റി കായികതാരങ്ങള്‍ കൈമാറിയെത്തിയ ദീപശിഖ ഭിന്നശേഷി കായികതാരം മുഹമ്മദ് ആസിമില്‍ നിന്ന് ഏറ്റുവാങ്ങിയതും ഉഷ തന്നെയായിരുന്നു. എന്നാല്‍ ദീപപീഠത്തിന് അടുത്തേക്ക് നീങ്ങിയ നിമിഷത്തിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍ നടന്നത്.
ദീപം തെളിയിക്കാന്‍ ഉഷ മുന്നോട്ടുവന്നതോടെ വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന് ഇടപെട്ട് ദീപശിഖ മുഖ്യമന്ത്രിക്ക് കൈമാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മന്ത്രി തന്നെ ഉഷയുടെ കൈയില്‍ നിന്ന് ദീപശിഖ വാങ്ങി മുഖ്യമന്ത്രിയുടെ കൈകളില്‍ ഏല്‍പ്പിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ ഒന്നും ചെയ്യാനാകാതെ തലകുനിച്ചു നില്ക്കാന് മാത്രമേ ഉഷയ്ക്ക് സാധിച്ചുള്ളൂ. കായികലോകത്തിന് ആകെ നാണക്കേടുണ്ടാക്കിയ ഈ കാഴ്ച സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികളെയും നിരാശരാക്കി.
സംഭവം വന്‍ വിവാദമായതോടെ സര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പിലും വന്‍ തിരിമറി നടന്നു. പി.ടി. ഉഷയാണ് ദീപം തെളിയിച്ചതെന്ന് കാണിച്ച് ആദ്യം പത്രക്കുറിപ്പ് ഇറക്കിയെങ്കിലും പിന്നീട് ഇത് തിരുത്തി പുതിയ വാചകങ്ങളോടെ മാറ്റി നല്‍കേണ്ടിവന്നു. സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ ഈ ഏകോപനമില്ലായ്മയും അവഗണനയും കായികപ്രേമികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനാണ് വഴിതുറന്നിരിക്കുന്നത്.
വിവാദങ്ങള്‍ക്കൊപ്പം കായികമേളയുടെ സംഘാടന സമയവും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. തുലാവര്‍ഷം ശക്തമായി പെയ്യുന്ന ഇതേ സമയത്ത് തന്നെ സ്കൂള്‍ കായികമേള നടത്തുന്നവരുടെ ബുദ്ധിക്ക് പ്രത്യേക അവാര്‍ഡ് തന്നെ നല്‍കണമെന്നാണ് കായിക പരിശീലകര്‍ കളിയാക്കി പറയുന്നത്. പെയ്യുന്ന മഴയില്‍ ട്രാക്കുകള്‍ ചെളിക്കുളമാകുന്നതോടെ കുട്ടികളുടെ കായികക്ഷമതയും സമയവും ഒരുപോലെ പാഴായിപ്പോകുന്ന സ്ഥിതിയാണുള്ളത്.
മഴ പെയ്ത് മൈതാനം തകരുന്നതിനൊപ്പം സ്റ്റേഡിയത്തില്‍ ആവശ്യത്തിന് വെളിച്ചമില്ലാത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മഴക്കാറുമൂടി വൈകുന്നേരങ്ങളില്‍ വെളിച്ചം കുറയുമ്പോള്‍ ഓട്ടവും ചാട്ടവും നടത്താന്‍ മതിയായ ലൈറ്റുകള്‍ സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിട്ടില്ല. ഇരുട്ടുവീണ ട്രാക്കില്‍ കുട്ടികള്‍ എങ്ങനെ മത്സരിക്കുമെന്ന ചോദ്യത്തിന് സംഘാടകരുടെ പക്കല്‍ മറുപടിയില്ല.
സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നിന്ന് മാസങ്ങളോളം കഠിനാധ്വാനം ചെയ്ത് എത്തുന്ന ആയിരക്കണക്കിന് കായികതാരങ്ങളുടെ ഭാവി വെച്ചാണ് സംഘാടകര്‍ കളി നടത്തുന്നത്. മഴയും ചെളിയും നിറഞ്ഞ ട്രാക്കില്‍ മത്സരിക്കുമ്പോള്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതൊന്നും കണക്കിലെടുക്കാതെ കേവലം ചടങ്ങ് തീര്‍ക്കാന്‍ മാത്രം മേള നടത്തുന്നതാണ് കായിക കേരളത്തെ പിറകോട്ട് അടിക്കുന്നത്.
പ്രതികൂല കാലാവസ്ഥയും വേദിയിലെ നാടകീയ സംഭവങ്ങളും കൊണ്ട് ഉദ്ഘാടന ദിവസം തന്നെ മേളയുടെ ശോഭ പൂര്‍ണ്ണമായും കെട്ടു. കായികതാരങ്ങള്‍ നടത്തിയ വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റോടെയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിച്ചതെങ്കിലും പിന്നീട് നടന്ന സംഭവങ്ങള്‍ മേളയ്ക്ക് കരിനിഴല വീഴ്ത്തി. വിദ്യാഭ്യാസ മന്ത്രി സല്യൂട്ട് സ്വീകരിക്കുകയും കുട്ടികളുടെ കലാപരിപാടികള്‍ നടക്കുകയും ചെയ്തു.
വിവാദങ്ങള്‍ക്കിടയിലും 68-ാമത് സംസ്ഥാന സ്കൂള്‍ കായികമേള ഈ മാസം 31 വരെ തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്. ട്രാക്കിലെ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് ചൊവ്വാഴ്ച മുതല്‍ തുടക്കമാകും. എന്നാല്‍ വരുന്ന ദിവസങ്ങളിലും മഴ തുടര്‍ന്നാല്‍ മത്സരങ്ങള്‍ എങ്ങനെ പൂര്‍ത്തിയാക്കുമെന്ന കാര്യത്തില്‍ അധ്യാപകര്‍ക്കും കായികതാരങ്ങള്‍ക്കും വലിയ ആശങ്കയാണുള്ളത്.
നാടിന്റെ അഭിമാനമായ ഒരു ഒളിമ്പ്യനെ വേദിയില്‍ ഇരുത്തി അപമാനിക്കുകയും മഴയും ഇരുട്ടും നിറഞ്ഞ മൈതാനത്ത് കുട്ടികളെ ഇറക്കുകയും ചെയ്ത സംഘാടകര്‍ക്കെതിരെ കായികലോകത്തുനിന്ന് പ്രതിഷേധം ശക്തമാകുകയാണ്. വരുംദിവസങ്ങളില്‍ ഈ അനാസ്ഥയ്ക്കെതിരെ അധ്യാപക സംഘടനകളും രംഗത്തെത്തുമെന്നാണ് സൂചന. കായികമേളയുടെ തുടക്കത്തില്‍ തന്നെ ഉയര്‍ന്ന ഈ പരാതികള്‍ വരും ദിവസങ്ങളിലും വലിയ ചര്‍ച്ചയാകും






