കുമരകം: സ്വദേശ് ദർശൻ 2.0 പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന കവണാറ്റിൻകര പക്ഷി സങ്കേതം കേന്ദ്ര ടൂറിസം മന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. സങ്കേതത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയ മന്ത്രി, അടിസ്ഥാന സൗകര്യങ്ങളടക്കമുള്ള വിവിധ കാര്യങ്ങൾ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു.
കെടിഡിസിയുടെ കീഴിലുള്ള പക്ഷി സങ്കേതത്തിന്റെ നവീകരണത്തിനായി 13.5 കോടി രൂപയാണ് ചെലവഴിക്കുന്നത്. നിലവിലെ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും അടുത്ത മാസം തന്നെ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നും ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു.
സഞ്ചാരികൾക്കായി ഒരുക്കുന്ന വിവിധ സൗകര്യങ്ങളെക്കുറിച്ചും സങ്കേതത്തിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും മന്ത്രി വിശദമായി ചോദിച്ചറിഞ്ഞു. പക്ഷി സങ്കേതത്തെ കൂടുതൽ പ്രകൃതിസൗഹൃദവും ആകർഷകവുമായ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്ന നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.
സങ്കേതത്തിൽ പഴവർഗങ്ങളുടെ ഒരു ഉദ്യാനം ഒരുക്കുന്നതിനും കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ച് ഹരിതാഭ വർധിപ്പിക്കുന്നതിനും മന്ത്രി നിർദേശം നൽകി. കണ്ടൽച്ചെടികൾക്ക് പുറമെ പൂവരശ് ഉൾപ്പെടെയുള്ള പ്രയോജനപ്രദമായ വൃക്ഷങ്ങൾ കൂടി ഇവിടെ നട്ടുവളർത്തണമെന്നും അദ്ദേഹം പറഞ്ഞു.
സങ്കേതത്തിലെ ഓക്സിജൻ നില നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും ഒരുക്കണമെന്ന് മന്ത്രി നിർദേശിച്ചു. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ച് പ്രദേശത്തെ ഓക്സിജൻ നില മെച്ചപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
കെടിഡിസിയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് മന്ത്രി കവണാറ്റിൻകര പക്ഷി സങ്കേതത്തിലെത്തിയത്. കായൽ തീരത്തുനിന്ന് സ്പീഡ് ബോട്ടിലായിരുന്നു പാതിരാമണലിലേക്കുള്ള യാത്ര.
കേന്ദ്ര ടൂറിസം മന്ത്രാലയം സെക്രട്ടറി സുവശിഷ് ദാസ്, അസിസ്റ്റന്റ് ഡയറക്ടർ നരേന്ദ്രൻ, കെടിഡിസി ജനറൽ മാനേജർ അഭി ചന്ദ്രൻ, ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, ഡിടിപിസി സെക്രട്ടറി ആതിര സണ്ണി, ടൂറിസം ഇൻഫർമേഷൻ ഓഫീസർ നിസാർ, പ്രോജക്ട് ഓഫീസർ സിമി എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.






