കോട്ടയം : മൂന്നിലാവിലെ കട്ടിക്കയം വെള്ളച്ചാട്ടത്തിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം രണ്ടു യുവാക്കളാണ് ഇവിടെ അപകടത്തില്‍പ്പെട്ടു മരിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ കല്ല് സന്ദർശിക്കാൻ എത്തുന്നവർ ഉറപ്പായും വരുന്ന പ്രദേശമാണ് മൂന്നിലവിലെ കട്ടിക്കയം വെള്ളച്ചാട്ടം. സന്ദർശകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇവിടെ അപകട മുന്നറിയിപ്പ് സംവിധാനം ശക്തമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
ഒരു മാസം ഇവിടെ ഒരു മരണമെങ്കിലും ചുരുങ്ങിയത് നടക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളച്ചാട്ടത്തിന് താഴെയുള്ള കുഴിയില്‍ ശക്തമായ അടിയൊഴുക്കുകളും ആഴവുമുള്ളതിനാല്‍ ഇവിടെ കുളിക്കുന്നത് അതീവ അപകടകരമാണ്. പാറക്കൂട്ടങ്ങള്‍ വഴുക്കലുള്ളതുമാണ്. യുവാക്കള്‍ ഇത് ശ്രദ്ധിക്കാറില്ല.
അപകടത്തില്‍പ്പെടുന്നവരില്‍ ഏറെയും വിദ്യാർത്ഥികളും യുവാക്കളുമാണ്. ജലാശയങ്ങളുടെ ആഴം, അടിയൊഴുക്ക്, വെള്ളത്തിനടിയിലെ പാറക്കുഴികള്‍, വഴുക്കല്‍ തുടങ്ങിയ അപകടസാദ്ധ്യതകള്‍ മനസിലാക്കാതെയാണ് പലരും വെള്ളത്തിലിറങ്ങുന്നതാണ് ദുരന്തം വിളിച്ചുവരുത്തുന്നത്. മഴക്കാലത്ത് ജലനിരപ്പും ഒഴുക്കും പെട്ടെന്ന് ഉയരുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കും.
ഇവിടെ എത്തുന്ന സഞ്ചാരികൾ അപകടത്തിൽപ്പെടുന്ന സന്ദർഭങ്ങൾ വർധിക്കുന്നതിനാൽ പ്രദേശത്ത് സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






