ആലപ്പുഴ: കരുവാറ്റയില്‍ വയോധികനെ കൊന്ന കേസിലെ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പ്രതികളെയും വിശദ ചോദ്യം ചെയ്യലിന് പൊലീസ് കസ്റ്റഡിയില്‍ വിട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്.
ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് കൗമാരക്കാരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുളള കോടതിയുടെ അസാധാരണ തീരുമാനം. കൗമാരക്കാരുടെ സ്വകാര്യത സംരക്ഷിക്കണമെന്നതടക്കം കര്‍ശന ഉപാധികളോടെയാണ് കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ ജുവനൈല്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും അത്തരത്തിലുളള മുന്‍ കോടതിവിധികള്‍ ഇല്ലെന്നുമുളള പ്രതിഭാഗം വാദം തളളിക്കളഞ്ഞു കൊണ്ടാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ അസാധാരണ ഉത്തരവ്.
കുട്ടികളെ ലോക്കപ്പിലും ജയിലിലും പാർപ്പിക്കരുതെന്നു മാത്രമേ ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ പറയുന്നുള്ളൂ എന്നും കുട്ടികള്‍ മാത്രം പ്രതികളായ, ദൃക്സാക്ഷികള്‍ ഇല്ലാത്ത, കൊലപാതകത്തില്‍, പ്രതികളെ തെളിവെടുപ്പിന് വിട്ടുകിട്ടിയില്ലെങ്കില്‍ കേസ് ദുർബലപ്പെടുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കുട്ടികളെ ദുരുപയോഗം ചെയ്തു കൊലപാതകം നടത്തിയാല്‍, നിയമ പരിരക്ഷ കിട്ടില്ല എന്ന സന്ദേശം സമൂഹത്തിന് നല്കാന് കോടതി ഉത്തരവ് സഹായിക്കുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതികരണം.
കുറ്റകൃത്യം നടന്ന സ്ഥലത്ത് കൗമാരക്കാരെ എങ്ങിനെ കൊണ്ടുപോകണം എന്നതടക്കമുളള കാര്യങ്ങളില്‍ പൊലീസിന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതി സ്ഥാനത്തുളളവരുടെ സ്വകാര്യത ലംഘിക്കുന്ന ഒരു നടപടിയും അനുവദിക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.






