തിരുവനന്തപുരം: കാപ്പാ കേസില്‍ പെട്ട് ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ സുഗതന്റെ ഹാജര്‍ രജിസ്റ്ററില്‍ വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
മ്യൂസിയം എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് വിഷയത്തില്‍ വിശദമായ അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി നഗരസഭയിലെ സിസിടിവി ദൃശ്യങ്ങളും ഹാജര്‍ രജിസ്റ്ററും വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ നീക്കം.
എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ്.പി. ദീപകാണ് ക്രമക്കേടിനെതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ എന്തെങ്കിലും തരത്തിലുള്ള കൃത്രിമത്വം കണ്ടെത്തിയാല്‍ കേസ് എടുക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കര്‍ഷക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഹാജര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്ന സുഗതന്റെ ഒപ്പ് പൂര്‍ണമായും വ്യാജമാണെന്ന് എല്‍.ഡി.എഫ് നേതാവ് എസ്.പി. ദീപക്ക് വ്യക്തമാക്കുന്നു. സുഗതന്റെ തെരഞ്ഞെടുപ്പ് അഫിഡവിറ്റിലെ ഒപ്പും നഗരസഭയിലെ ഹാജര്‍ രജിസ്റ്ററില്‍ ഇട്ടിരിക്കുന്ന ഒപ്പുകളും തമ്മില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ടെന്നാണ് അദ്ദേഹം പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്തൊന്നും സുഗതന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ലെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ നഗരസഭയില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് ശബരിനാഥ് ഹാജര്‍ രജിസ്റ്റര്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കടുത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു. ഹാജര്‍ രജിസ്റ്ററില്‍ ബി.ജെ.പിക്ക് എന്തോ ഒളിക്കാനുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണ് അന്നത്തെ കൗണ്‍സിലര്‍മാരുടെ അതിക്രമമെന്നും എസ്.പി. ദീപക്ക് ആരോപിച്ചു.
സുഗതന്റെ കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ മേയര്‍ വി.വി. രാജേഷിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഇത്തരം ക്രമക്കേടുകള്‍ നടന്നിട്ടുള്ളതെന്നാണ് സി.പി.എമ്മിന്റെ പ്രധാന ആരോപണം. തുടര്‍ച്ചയായി മൂന്ന് യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ കൗണ്‍സിലര്‍ സ്ഥാനം അസാധുവാകും എന്നതുകൊണ്ടാണ് ഇത്തരമൊരു കൃത്രിമം കാണിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
തുടര്‍ച്ചയായി മൂന്ന് യോഗങ്ങളില്‍ സുഗതന് പങ്കെടുത്തതായി രേഖപ്പെടുത്തിയ രജിസ്റ്ററിന്റെ വിവരാവകാശ രേഖകള്‍ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 26, മാര്‍ച്ച് 3, ഏപ്രില്‍ 27 എന്നീ തീയതികളിലെ കൗണ്‍സില്‍ യോഗങ്ങളിലാണ് സുഗതന്റെ വ്യാജ ഒപ്പിട്ടതെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
ഈ ക്രമക്കേട് വ്യക്തമാക്കുന്ന ഹാജര്‍ രജിസ്റ്ററിന്റെ വിവരങ്ങള്‍ തെളിവായി സി.പി.എം പുറത്തുവിട്ടിട്ടുണ്ട്. അഴിമതിയും ക്രമക്കേടും നടത്തി ഭരണം നിലനിര്‍ത്താന്‍ നോക്കുന്ന ഇത്തരം ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് വരുംദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് എല്‍.ഡി.എഫ് തീരുമാനം. വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനും എല്‍.ഡി.എഫ് പരാതി നല്‍കിയിട്ടുണ്ട്.
മുമ്പും സി.പി.എം നഗരസഭ ഭരണസമിതിക്കെതിരെ സമാന ആരോപണം ഉന്നയിച്ചിരുന്നെങ്കിലും, ഇപ്പോള്‍ വിവരാവകാശ രേഖ വഴി കൃത്യമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് തെരുവിലിറങ്ങി പ്രതിഷേധിക്കാനും നിയമപരമായ പരാതി നല്‍കാനുമുള്ള തീരുമാനത്തിലേക്ക് എത്തിയത്.
O






