കോഴിക്കോട്: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം വീണ്ടും ആശങ്കയുണ്ടാക്കുമ്പോള്‍ പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന സാമ്പത്തിക-സാമൂഹിക അരക്ഷിതാവസ്ഥ ഗൗരവകരമാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ.
പ്രത്യാഘാതങ്ങള്‍ അടുത്തറിയാനും സമാശ്വാസ-പുനഃരധിവാസ പദ്ധതികള്‍ നടപ്പിലാക്കാനും പ്രത്യേക പഠന കമ്മിറ്റിക്ക് സർക്കാർ രൂപം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മർകസ് ഗ്ലോബല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രവാസി സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴില്‍-വരുമാന നഷ്ടം, വിലവർധന, സാമ്പത്തിക അസ്ഥിരത, മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി പ്രതിസന്ധികള്‍ക്ക് നടുവിലാണ് ഗള്‍ഫ് പ്രവാസികള്‍. ഈ സാഹചര്യം സൂക്ഷ്മമായി വിലയിരുത്താനും നടപടി കാണാനും സർക്കാർ മുന്നോട്ട് വരണം. കേരളത്തെ ഇന്ത്യയിലെ മികച്ച സംസ്ഥാനമാക്കുന്നതില്‍ പ്രവാസികള്‍ക്കും വലിയ പങ്കുണ്ട്.
എന്നാല്‍ മറ്റു ഇന്ത്യൻ നഗരങ്ങളിലേക്ക് ഉള്ളതിനേക്കാള്‍ ഉയർന്ന വിമാന നിരക്കാണ് ഗള്‍ഫ് സെക്ടറില്‍ നിന്ന് കേരളത്തിലേക്ക് എപ്പോഴുമുള്ളത്. ധാരാളം യാത്രക്കാരുണ്ടാവുമ്പോഴും കാലങ്ങളായി ഈ അനീതി തുടരുന്നു. സാധാരണക്കാരായ പ്രവാസികളെ ഇത് വല്ലാതെ ബാധിക്കുന്നുണ്ടെന്നും ശാശ്വത പരിഹാരം ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം അനിശ്ചിതമായി നീളുന്ന വേളയില്‍ പ്രവാസികള്‍ക്കായി പ്രത്യേക സമാശ്വാസ പാക്കേജിന് രൂപം നല്‍കേണ്ടതുണ്ടെന്നും കാന്തപുരം പറഞ്ഞു.






