കണ്ണൂർ: മാലൂരിൽ പന്നിക്കെണിയില്‍ കുടുങ്ങിയ പുലി ചത്ത സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി.കെണി സ്ഥാപിച്ചത് ആരാണെന്ന് കണ്ടെത്താനാണ് അന്വേഷണം. കെണിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ച് കൂട്ടിലാക്കിയതിന് പിന്നാലെയാണ് ചത്തത്.
കമ്പിക്കുരുക്ക് മുറുകി ആന്തരികാവയവങ്ങൾക്ക് ഏറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് ഫോറസ്റ് വെറ്റിനറി സർജൻമാരുടെ സ്ഥിരീകരണം. മയക്കുവെടി വച്ച് ആർആർടി ഓഫീസിലെത്തി നിരീക്ഷണത്തിലിരിക്കുമ്പോഴാണ് പുലി ചത്തത്. വനംവകുപ്പ് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കെണി സ്ഥാപിച്ചത് ആരാണെന്ന് കണ്ടെത്തിയാൽ പ്രതി ചേർക്കും.
രണ്ട് പറമ്പുകൾക്ക് ഇടയിലുള്ള അതിർത്തിയിലെ കിടങ്ങിലായിരുന്നു വന്യമൃഗങ്ങളെ ലക്ഷ്യമാക്കി കമ്പിക്കുരുക്ക് സ്ഥാപിച്ചിരുന്നത്. ഇതിൽ പുലിയുടെ വയറുഭാഗം പൂർണ്ണമായും കുടുങ്ങുകയായിരുന്നു. കുതറി മാറാൻ ശ്രമിച്ചതോടെ കുരുക്ക് ആഴത്തിൽ മുറുകിയതാണ് ഗുരുതരമായ പരുക്കേൽക്കാൻ കാരണമെന്നാണ് വെറ്റിനറി ഡോക്ടർമാരുടെ കണ്ടെത്തൽ. ആറ് വയസ്സോളം പ്രായം തോന്നിക്കുന്ന ആൺ പുലിയാണ് മാലൂരിൽ കുരുക്കിൽ പെട്ടത്.
ഒരു ഫോറസ്റ്റ് വെറ്ററിനറി സർജനും രണ്ട് മൃഗസംരക്ഷണ വകുപ്പ് വെറ്ററിനറി സർജന്മാരും ജില്ലാ ഫോറസ്റ്റ് റേഞ്ചറും വാർഡംഗവും ഉൾപ്പെടുന്ന ഏഴംഗസമിതിയുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കിയത്. തുടർന്ന് കണ്ണവം വനത്തിൽ സംസ്കരിച്ചു.






