കാഞ്ഞിരപ്പള്ളി : മലയോര മേഖലയുടെ കായിക സ്വപ്നങ്ങൾക്ക് കരുത്തേകുന്ന ഒന്നാണ് കാഞ്ഞിരപ്പള്ളി സ്പോർട്സ് സ്കൂൾ. സ്പോർട്സ് സ്കൂളിന്റെ നിർമാണ പ്രവർത്തനങ്ങൾ അടുത്ത ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. നിലവിൽ ഗാലറിയുടെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തി.
ഗാലറിയുടെ ഭാഗമായി പത്ത് പടികളിലായാണ് ഇരിപ്പിടങ്ങൾ നിർമിച്ചിരിക്കുന്നത്. ഇൻഡോർ സ്റ്റേഡിയത്തിന്റെയും, വാട്ടർ ടാങ്കിന്റെയും ഫൗണ്ടേഷൻ ജോലികൾ നടന്ന് വരികയാണ്. രണ്ട് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ളതാണ് വാട്ടർ ടാങ്ക്.
നിലവിലെ സ്കൂൾ കെട്ടിടത്തിന്റെ മുൻവശത്തായിട്ടാണ് ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നത്. സ്വിമ്മിങ് പൂളിന്റെ നിർമാണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമാണത്തിന് മുന്നോടിയായുള്ള പൈലിങ് ഉടൻ ആരംഭിക്കുമെന്ന് നിർമാണ കമ്പനി അധികൃതർ പറഞ്ഞു.
കിഫ്ബി മുഖേന 27.70 കോടി രൂപ ചെലവഴിച്ചാണ് സ്പോർട്സ് സ്കൂൾ നിർമിക്കുന്നത്. മുൻ എംഎൽഎ ഡോ. എൻ. ജയരാജിന്റെ ശ്രമഫലമായാണ് പദ്ധതിക്ക് അനുമതി ലഭ്യമാക്കി നിർമാണം ആരംഭിച്ചത്. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് പദ്ധതിയുടെ നിർമാണ ചുമതല.
കേരളത്തിലെ അഞ്ചാമത്തെ സ്പോർട്സ് സ്കൂളായ ഇവിടെ വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യമുണ്ടാകും. കഴിഞ്ഞ മാർച്ച് മൂന്നിനാണ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത്. നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് അഞ്ചുമാസം പിന്നിടുമ്പോൾ പദ്ധതിയുടെ നിർമാണം മുടക്കമില്ലാതെ നടന്ന് വരികയാണ്.






