ആലുവ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എറണാകുളം റൂറലില്‍ നടത്തിയ വ്യാപക പരിശോധനയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് കഞ്ചാവ് ചെടികള്‍ കണ്ടെടുത്തു.
അയ്യമ്പുഴയില്‍ പോസ്റ്റോഫീസ് ജംഗ്ഷൻ ഭാഗത്തെ ആള് താമസമില്ലാത്ത വീട്ടുവളപ്പില്‍ നിന്നുമാണ് മൂന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. അതോടൊപ്പം രാസ ലഹരിയുമായി ആറ് പേർ പിടിയിലായി.
ചെങ്ങമനാട് 1.96 ഗ്രാം രാസ ലഹരിയുമായി രണ്ട് പേരാണ് പിടിയിലായത്. കരുമാലൂർ സ്വദേശികളായ ഇബ്രാഹിം (37), ബിനു ആൻ്റണി (37) എന്നിവരാണ് ചെങ്ങമനാട് പൊലീസിന്റെ പിടിയിലായത്. സിപ്പ് കവറില്‍ വില്പനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പാൻ്റ്സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു രാസ ലഹരി കണ്ടെത്തിയത്. പറമ്പയം ഭാഗത്ത് പാർക്ക് ചെയ്ത കാറിലാണ് ഇരുവരും ഉണ്ടായിരുന്നത്.
ഞാറയ്ക്കല്‍ കാളമുക്ക് ഭാഗത്ത് വച്ച് ഓട്ടോ റിക്ഷയില്‍ വന്നയാളില്‍ നിന്നും 3.450 ഗ്രാം എംഡിഎംഎ പിടികൂടി. നായരമ്പലം സ്വദേശി അഥീൻ (25) ആണ് ഞാറക്കല്‍ പൊലീസിന്റെ പിടിയിലായത്. ബാഗില്‍ രണ്ട് സിപ്പ് ലോക്ക് കവറിലായി ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു രാസ ലഹരി കണ്ടെത്തിയത്.
ബിനാനിപുരം എടയാറില്‍ നിന്ന് മൂന്നു ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബിനാനിപുരം സ്വദേശികളായ മുഹമ്മദ് സാലിഖ് (34), അബ്ദുല്‍ മുഹാദ് ( 34) എന്നിവരെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് സാലിക്കിന്റെ എടയാറുള്ള വീട്ടില്‍ നിന്നുമാണ് രാസ ലഹരി പിടികൂടിയത്. അലമാരിയില്‍ പ്രത്യേക കവറില്‍ പൊതിഞ്ഞ നിലയില്‍ ആണ് രാസലഹരി കണ്ടെത്തിയത്.
ഹെറോയിനുമായി ആസാം സ്വദേശി സദ്ദാം ഹുസൈൻ (25) നെ കുറുപ്പുംപടി പൊലീസ് പിടികൂടി. മനയ്ക്കപ്പടി പുത്തൂരം കവലയിലുള്ള ഇയാള്‍ താമസിക്കുന്ന വീട്ടില്‍ നിന്നുമാണ് ഒരു സോപ്പുപെട്ടി നിറയെ ഹെറോയിനുമായി കസ്റ്റഡിയിലെടുത്തത്. പരിശോധനയുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തില്‍ ശനിയാഴ്ച പുലർച്ചെ ആരംഭിച്ച പരിശോധന രാത്രിയിലും തുടർന്നു. ഇതിൻ്റെ ഭാഗമായി വാഹന പരിശോധനയും നടത്തി.






