ഹരിപ്പാട്: കാര്‍ത്തികപ്പള്ളിയില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടു വയസുകാരന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്.
പോഷകാഹാരക്കുറവാണ് കുഞ്ഞിന്റെ മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
പോഷകാഹാരക്കുറവ് ആരോഗ്യാവസ്ഥ വഷളാക്കി. രണ്ട് വയസില്‍ കുട്ടിക്കുണ്ടായിരുന്നത് 7.5 കിലോ ഭാരം മാത്രമാണ്. കൂടുതല്‍ വ്യക്തതയ്ക്ക് ഹിസ്റ്റോപതോളജി പരിശോധന നടത്തും. കുട്ടിയുടെ ദേഹത്ത് മുറിവുകളോ ക്ഷതങ്ങളോ ഇല്ല. ആദ്യ കുട്ടിയുടെ മരണത്തില്‍ വീണ്ടും അന്വേഷണം നടത്താനും തീരുമാനമായി.
ഇന്ന് രാവിലെയാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി കിടന്നുറങ്ങിയ കുട്ടിയെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കുട്ടികളുമായി വൃത്തിഹീനമായ ചുറ്റുപാടില്‍ താമസിച്ചിരുന്ന ഇവരെ നാട്ടുകാര്‍ ഇടപ്പെട്ട് ഗാന്ധിഭവനിലേക്ക് മാറ്റിയിരുന്നു. പിന്നീട് നിര്‍ബന്ധപൂര്‍വ്വം ഗാന്ധിഭവനില്‍ നിന്ന് മടങ്ങി പോയി. പിന്നാലെയാണ് മകന്റെ ദുരൂഹ മരണം. മറ്റ് കുട്ടികളെ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി.
താര ഏഴാമത്തെ കുട്ടിയെ പ്രസവിച്ച് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയാണ്.






