കോട്ടയം: ഓടവഴി സെപ്റ്റിക് ടാങ്ക് മാലിന്യമൊഴുക്കുകയും അനധികൃത കെട്ടിട നിർമ്മാണവും നടത്തിയ കണ്ടത്തിൽ ലോഡ്ജ് ഗ്രൂപ്പിനെതിരെ തേർഡ് ഐ ന്യൂസ് നൽകിയ പരാതിയിൻമേൽ അന്വേഷണം നടത്താൻ ഉത്തരവിട്ട് മുഖ്യമന്ത്രി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയത്.
പൊതുഓടവഴി മാലിന്യമൊഴുക്കിയതിന് ശാസ്ത്രി റോഡിലേയും തിരുനക്കരയിലേയും ലോഡ്ജുകൾക്കെതിരേ കഴിഞ്ഞ ദിവസം നഗരസഭ നടപടി സ്വീകരിച്ചിരുന്നു. രണ്ട് ലോഡ്ജുകൾക്കും സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് ഇല്ലെന്നും നഗരസഭാ ആരോഗ്യവിഭാഗം അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇതിനിടെ അനധികൃത കെട്ടിട നിർമ്മാണം നടത്തി പ്രവർത്തിക്കുന്ന കണ്ടത്തിൽ ലോഡ്ജ് ഗ്രൂപ്പിൻ്റെ തിരുനക്കരയിലെ ലോഡ്ജ് നാളുകളായി പ്രവർത്തിച്ച് വന്നത് ലൈസൻസ് ഇല്ലാതെയാണെന്ന് നഗരസഭയുടെ പരിശോധനയിൽ കണ്ടെത്തി. മുൻപ് ഇതേ ലോഡ്ജിൻ്റെ മാനേജരെയാണ് ഗുണ്ടാസംഘം ലോഡ്ജിൽ കയറി കുത്തിക്കൊന്നത്.
കണ്ടത്തിൽ ലോഡ്ജ് ഗ്രൂപ്പിൻ്റെ കോട്ടയം നഗരത്തിലെ 12 കെട്ടിടങ്ങളിലും പാർക്കിംഗ് ഏരിയ കെട്ടിയടച്ചും 2 നിലയ്ക്ക് പെർമിറ്റ് എടുത്ത് നിർമ്മാണം നടത്തുകയും ഇതിൻ്റെ മറവിൽ നഗരസഭയുടെ പെർമിറ്റും ഫയർ എൻഒസി യുമില്ലാതെ മൂന്നും നാലും നിലകൾ അനധികൃതമായി കെട്ടിപ്പൊക്കുകയുമാണ് ചെയ്യുന്നത്.
രണ്ട് നിലയ്ക്ക് മാത്രം പെർമിറ്റ് എടുക്കുന്നതിനാൽ കെട്ടിടം നിർമ്മിക്കുന്നതിന് ഫയർഫോഴ്സിന്റെ എൻഒസി ആവശ്യമില്ല. ഇതിൻ്റെ മറവിലാണ് മൂന്നും നാലും നിലകൾ അനധികൃതമായി കെട്ടിപ്പൊക്കുന്നത്. ഇത്തരത്തിൽ അനധികൃതമായി കെട്ടിപ്പൊക്കിയ കെട്ടിടങ്ങളിൽ തീപിടുത്തമുണ്ടായൽ അകത്തുള്ളവർ വെന്ത് മരിക്കുമെന്നതിൽ സംശയമില്ല.
ഫയർ സുരക്ഷ ഒരുക്കുന്നതിനാവശ്യമായ സ്ഥലം ലാഭിച്ച് അവിടെയും കെട്ടിടം നിർമ്മിക്കുന്നതിനാണ് രണ്ട് നിലയ്ക്ക് മാത്രം പെർമിറ്റ് എടുക്കുന്നത്. ഇതുമൂലം തീപിടുത്തമോ മറ്റ് അപകടങ്ങളോ സംഭവിച്ചാൽ വൻ ദുരന്തമാകും നഗരത്തിൽ ഉണ്ടാകുന്നത്. കണ്ടത്തിൽ ഗ്രൂപ്പിൻ്റെ കളക്ട്രേറ്റിന് സമീപമുള്ള സൂപ്പർ മാർക്കറ്റിൽ 4 വർഷം മുൻപ് തീപിടുത്തം ഉണ്ടായിരുന്നു. തീ പിടിച്ചത് പുലർച്ചെ ആയതിനാൽ വലിയ അപകടം ഒഴിവായിരുന്നു.
ഫയർ എൻഒസി ഇല്ലാതെ കോട്ടയം നഗരത്തിൽ കണ്ടത്തിൽ ഗ്രൂപ്പ് അനധികൃതമായി നിർമ്മിച്ച 12 കെട്ടിടങ്ങളും പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഫയർഫോഴ്സ് മേധാവിക്ക് നൽകിയ പരാതിയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ അനധികൃത കെട്ടിട നിർമ്മാണവും നികുതി വെട്ടിക്കലും മാത്രമല്ല കണ്ടത്തിൽ മുതലാളിക്കുള്ളതെന്ന് തേർഡ് ഐ ന്യൂസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി. ശാസ്ത്രീ റോഡിൽ പിഡബ്ല്യുഡി ഭൂമിയും ഇവർ വ്യാപകമായി കൈയ്യേറിയിട്ടുണ്ട്. ഈ പുറമ്പോക്ക് ഭൂമിയിലും ഷെഡ് നിർമ്മിച്ച് വാടകയ്ക്ക് നൽകുകയാണ് കണ്ടത്തിൽ ഗ്രൂപ്പ്. കൈയ്യേറ്റഭൂമി തിരിച്ച് പിടിക്കണമെന്നാവശ്യപ്പെട്ട് പിഡബ്ല്യുഡിക്കും തേർഡ് ഐ ന്യൂസ് പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്ററെ ഏത് വിധേനയും കുടുക്കി അകത്താക്കാനുള്ള ശ്രമവും കണ്ടത്തിൽ ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്.






